ചൊവ്വാഴ്ച, നവംബർ 15, 2011

പാത്തുംമയ്ത്താത്ത

അന്നൊക്കെ വേനലവധിക്ക് സ്കൂള്‍ അടച്ചാല്‍ ഉമ്മയുടെ സഹോദരിമാരുടെ വീട്ടില്‍ പാര്‍ക്കാന്‍ പോവുമായിരുന്നു..നമ്മള്‍ കസിന്‍സ്  ഒരു പത്തു പന്ത്രണ്ടു പേരുണ്ട് സമപ്രായക്കാരായി.എല്ലാരും കൂടെ ഒരു സ്ഥലത്ത് ഒത്തു കൂടും.ആറാം ക്ലാസ്സ്‌ കഴിഞ്ഞ അവധിക്കാണെന്നു തോന്നുന്നു,നടുവട്ടത്തുള്ള  മൂത്തമ്മന്റെ വീട്ടിലായിരുന്നു .രാവിലെ എണീറ്റാല്‍ രാത്രി ഉറങ്ങുന്നതിനിടയില്‍ കളിക്കാത്ത കളികളുണ്ടാവില്ല..പുതിയ ഓരോ കളികളും ഉണ്ടാക്കും.ചുരുങ്ങിയത് ഒരു 4 ദിവസമെങ്ങിലും എല്ലാവരും ഉണ്ടാവും.ആ പ്രാവശ്യം എല്ലാരും പിരിഞ്ഞെങ്കിലും ഞാന്‍ 2 ദിവസം കൂടെ നിന്നു.ഇത്രയും ദിവസം എല്ലാവരും ഉണ്ടായിട്ടു പെട്ടെന്ന് ആരും ഇല്യണ്ടാവുമ്പോ ഒരു പെരുംമഴ പെയ്തു തോര്‍ന്ന പോലെയാണ്.ആ മൂത്തമ്മന്റെ വീട്ടിലും 2 പേര്‍. സമദും ലൈലയും.സമദ് എന്നെക്കാളും 2ഓ 3ഓ  വയസ്സ് മൂത്തതാണ്.
(എന്നാലും ഇക്കാക്ക എന്ന് വിളിക്കാത്തതില്‍ അവനിത്തിരി പരിഭവം ഇപ്പളും ഉണ്ടെന്നു തോന്നുന്നു) ഇക്കാക്ക എന്നുള്ള ബഹുമാനം മനസ്സിലുണ്ട് അത് മതി തല്‍കാലം.പിന്നെ ലൈലയും ഞാനും ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളു. എല്ലാവരും പോയിക്കഴിഞ്ഞ് ഞാനും ലൈലയും നിലാവത്തിറങ്ങിയ കോഴികളെ പോലെ മുറ്റത്ത്‌ നടക്കുകയായിരുന്നു.അപ്പോളാണ് മൂത്തമ്മന്റെ വിളി.."കുട്ട്യാളെ..ഇങ്ങള് 2 ആളും  കൂടി ഒന്ന് ആ പാത്തുംമയ്താതനെ പോയി വിളിച്ചു കൊണ്ടോരീ..തുണി മുയുവനും തിരുംബാന്‍ കിടക്കുന്നു".എങ്ങോട്ടെങ്ങിലും പോവാന്‍ പറയേണ്ട താമസം എപ്പം റെഡി ആയീന്നു നോക്കിയാല്‍ മതി.
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാനും ലൈലയും കൂടെ പാത്തെയ്താതന്റെ വീട്ടിലേക്ക്  പുറപ്പെട്ടു.ഒരുപാട് ദൂരം നടക്കാനുണ്ട് അവരുടെ വീട്ടിലേക്ക്..കടലിന്‍റെ അടുത്തായിട്ടാണ്  അവരുടെ വീട്.
ഞങ്ങള്‍ അവടെ എത്തിയ പാടെ എന്‍റെ മൂക്കിലേക്ക് അടുപ്പതിരിന്നു എന്തോ ഒന്ന് വേവുന്ന മണം ഓടിക്കയറി.വായില്‍  വെള്ളം വന്നെങ്കിലും ചോദിയ്ക്കാന്‍ വയ്യല്ലോ ഇതെന്താ എന്ന്..അതുകൊണ്ട് തല്‍കാലം സഹിച്ചു..ലൈലയോട് സ്വകാര്യത്തില്‍ പറഞ്ഞു,അഥവാ എന്തെങ്കിലും തിന്നാന്‍ തക്കേരിക്കാണെങ്കില്‍ നീ ചാടിക്കേറി ഫോര്മാലിടി ഒന്നും കാണിക്കണ്ട ഞാന്‍ മാനേജ് ചെയ്തോളാം എന്ന്.അവിടെ ഇരിക്കുന്ന നേരം മുഴുവനും ആ അടുപ്പത്തു കിടന്നു തിളക്കുന്നത് എന്താ റബ്ബേ എന്ന ഒരൊറ്റ ചിന്ത മാത്രെ ഉണ്ടായിരുന്നുള്ളു.അവരോടു നല്ല കുറ്റിച്ചിറ സ്റ്റൈലില്‍ വിശേഷങ്ങളൊക്കെ ചോദിച്ചു മൂത്തമ്മ പറയാന്‍ ഏല്‍പിച്ച കാര്യങ്ങളും പറഞ്ഞു ഞങ്ങള്‍ മെല്ലെ പോവാനുള്ള ഭാവത്തില്‍ എണീറ്റു.എണീക്കുമ്പോ  ന്റെ മനസ്സില്‍ ഉണ്ടായത്..ബല്ലാത്തൊരു പാതെയ്ത്താതാ..ഒന്ന് തിന്നാന്‍ ബരേ തക്കെരിക്കിനില്യാലോ..നമ്മളെ മനസ്സിലിരിപ്പ് അവര്‍ക്ക് തിരിഞ്ഞോ ആവോ....ഞങ്ങള്‍ പോവാന്‍ ഭാവിക്കുമ്പോഴേക്കും അവര്‍ പറഞ്ഞു,..അല്ലാഹ് അതെങ്ങനാ ഇത്രയും ദൂരം നടന്നു വന്നിട്ട് ഒന്നും തിന്നും കുടിക്കും ചെയ്യാണ്ടേ പോവല്..കുറച്ചു പൂള പുഴുങ്ങിയത് ഉണ്ട് അത് തിന്നിട്ടു പോവാം എന്ന്..അതുവരെ വായില്‍ ഊറിക്കിടന്ന വെള്ളം മുഴുവന്‍ ഒറ്റ അടിക്കു ഇറക്കി മറുപടി പറഞ്ഞു..തിന്നാനൊന്നും വേണ്ട പാത്തുംമൈതാതാ അമ്മള് പോട്ടെ..അപ്പൊ അവര്‍ വീണ്ടും പറഞ്ഞു പൂള പുഴുങ്ങിയതും ഞണ്ട് മോളിയാരും ആണ് തിന്നിട്റ്റ് പൊയ്ക്കോളീന്നു.ഞാന്‍ അതുവരെ തിന്നാത്ത ഒരു സാധനാണ് ഈ ഞണ്ട്.കുറെ കാലായി തിന്നാന്‍ പൂതി വെക്കുന്നതും.ആ വീട്ടില്‍ മുഴുവന്‍ ഞണ്ട് മോളിയരിന്റെ മണമായിരുന്നു..എല്ലാം കൂടെ ന്റെ കണ്ട്രോള്‍ പോയി. അവര്‍ അതിനു മാത്രം ഒന്ന് തക്കെരിചില്ലെങ്കിലും ഞാന്‍ പറഞ്ഞു ഇങ്ങള്‍ ഇങ്ങനെ പറയുമ്പോ എങ്ങനാ പോവാ...ഇങ്ങളെ ഒരു സന്തോഷത്തിനു ഒരു ലേശം എടുത്തോളീ..
അങ്ങനെ ഞാനും ലൈലയും കൂടി പൂളയും ഞണ്ട് മോളിയാറും തിന്നാന്‍ ഇരുന്നു..ജീവിതത്തില്‍ ആദ്യായിട്ട് തിന്നാണ്‌ ഈ സാധനം..പെരുത്ത്‌ ഇഷ്ടായി..അതോണ്ട് തന്നെ തിന്നാന്‍ തുടങ്ങിയപ്പോ  വേറേ ഒന്നും ഓര്മണ്ടായീല...നമ്മളെ 2 ആളെയും തിന്നല്‍ കണ്ടിട്ടായിരിക്കണം അവര്‍ പിന്നേം പിന്നേം ഇട്ടു തരുന്നുണ്ടായിരുന്നു.സ്വന്തം വയറിനെയും ആ ഭക്ഷണം അവര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന സത്യത്തെയും മറന്നു ആ പൂളയും ഞണ്ടും ഇത്തിരി മാത്രം ബാക്കി വെച്ച് ഞങ്ങള്‍ 2 ആളും കൂടി എഴുന്നേറ്റു.വീട്ടില്‍ നിന്നും ഇറങ്ങീട്ടു നേരം കുറെ ആയി.തിരിച്ചു വേഗം എത്താന്‍ വേണ്ടി അവരോടു യാത്രയും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി ഓടി.
പിന്നീട് ഇടക്കൊക്കെ ഞാന്‍ ആലോചിക്കാറുണ്ട് അവരത് മോന്‍ പണി കഴിഞ്ഞു  വരുമ്പോ കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കി വെച്ചതല്ലേ....പാവം അന്ന് ആ മോന്‍ വന്നപ്പോ അവരെന്തു കൊടുത്തോ ആവോ??അതില്‍ വല്ലതും ബാക്കി ഉണ്ടായിരുന്നോ എന്ന് പോലും ഞങ്ങള്‍ക്കറിയില്ല.അന്നത്തെ ദിവസം അവര്‍ പട്ടിണി ആയെങ്കില്‍ അള്ളാഹു പൊറുത്തു തരട്ടെ.പക്ഷേ ആദ്യമായി ഞണ്ടിന്റെ രുചി അറിയിച്ചു തന്ന ആ പാതുംമയ്ത്താത്തനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു..ആ ഞണ്ടിന്റെ രുചിയും ഇന്നും ഓര്‍മ്മിക്കുന്നു.ഇപ്പോഴും ഈ കുവൈറ്റില്‍ പോലും ഞണ്ട് മോളിയാര്‍ ഇടക്കൊന്നു കൂട്ടിയില്ലെങ്കില്‍ ഒരു രാഹത്ത് ആവൂല.ഇനി അടുത്ത പ്രാവശ്യം മീന്‍ മാര്‍ക്കറ്റില്‍ പോവുമ്പോ ഞണ്ട് വാങ്ങി മോളിയാരാക്കാം എന്ന സമാധാനത്തിലാണ്.അത് വരെ ഞണ്ടിനെ ആലോചിച്ചു വെള്ളമിറക്കാം..

3 അഭിപ്രായങ്ങൾ:

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

കോയിക്കോടന്‍ സ്ലാംഗ് ജോറാകുന്നുണ്ട്...

ഈ പറഞ്ഞത് ബേപ്പൂര്‍ നടുവട്ടമാണെങ്കില്‍ അവിടാണ് എന്റെ ഉപ്പാപ്പയും, ഉമ്മമയും, അമ്മായിയും ഒക്കെ അന്ത്യവിശ്രമം കൊള്ളുന്നത്.

kullzz - കൂള്‍സ് പറഞ്ഞു...

നന്ദി..അതെ..ബേപ്പൂര്‍ നടുവട്ടം തന്നെ ആണ്..

Unknown പറഞ്ഞു...

ഹഹ..ഞണ്ട് മോളി കൊള്ളാം...ഇടയ്ക്ക് ഞണ്ട് ചുണ്ടിനു കടിക്കാത്തത് ഭാഗ്യം !