ശനിയാഴ്‌ച, നവംബർ 12, 2011

ഏകാന്തത

ആരെയും കാണാതെയും കേള്‍ക്കാതെയും ഒരുപാട് നേരം തനിച്ച്  ഇരിക്കുവാന്‍ കഴിഞ്ഞെങ്കില്‍.... ആര്‍ത്തലച്ചു വന്നണയുന്ന സാഗര തിരകള്‍ക്കു മുന്‍പില്‍,ഇരുണ്ട കാര്‍മേഘങ്ങള്‍ തണല്‍ വിരിച്ച
ആകാശത്തിനു കീഴെ,അതുമല്ലെങ്കില്‍ കോരി ചൊരിഞ്ഞു പെയ്ത മഴ തോര്‍ന്ന ഉടനെ...നിശബ്ദമായ പ്രകൃതിക്ക് മുന്നില്‍ ഇത്തിരി നേരം ചിലവഴിക്കാന്‍ വല്ലാതെ കൊതിയാവും ചിലപ്പോള്‍..ഒരു ദിവസം എനിക്ക് മാത്രമായി വേണമെന്ന സ്വാര്‍ത്ഥ ചിന്തയാവാം അത്..വെറുതെ എനിക്ക് വേണ്ടി എന്നെ ഒന്ന് ഫ്രീ ആക്കി വെക്കാന്‍ ഒരു തോന്നല്‍.
                                പക്ഷെ ഏകാന്തത ലഭിക്കാന്‍ ഇങ്ങനെ ഒരു സിറ്റുവേഷന്‍ തന്നെ വേണമെന്നില്ല...ആള്‍ക്കൂട്ടത്തിനിടയിലും മനസ്സിനെ സ്വച്ഛമായി വെക്കാന്‍ കഴിഞ്ഞാല്‍ അവ്ടെയും ലഭിക്കുന്നു ഏകാന്തത.ആള്‍ക്കൂട്ടത്തിനിടയിലും എന്റെ മനസ്സ് പലപ്പോഴും തനിച്ചാണ്.നമ്മള്‍ എല്ലാറ്റിന്റെയും ഭാഗമായിരിക്കുമ്പോള്‍ എല്ലാവരും നമ്മുടെതായിരിക്കുമ്പോള്‍ തന്നെ അതില്‍ നിന്നെല്ലാം നാം വേറിട്ട്‌ നില്‍ക്കുന്ന ഒരു അവസ്ഥ.അങ്ങനെയുള്ളതും ഒരു സുഖകരമായ അനുഭവം തന്നെയാണ്. കൂട്ട് കൂടാനും കൂട്ടുകാരോന്നിച്ചു പുറത്തു പോവ്നും ഒക്കെ ഒരുപാട് ഇഷ്ടമുള്ള എനിക്ക് ചില നേരങ്ങളില്‍ ശരിക്കും തനിചിരിക്കാനും തോന്നുന്നത് എന്താണെന്നറിയില്ല..സ്കൂളിലെ ഉച്ചയൂണിനുള്ള ഒരു മണിക്കൂര്‍ ഇടവേളകളില്‍ പലപ്പോഴും ഞാന്‍ വരാന്തയിലെ തിണ്ണയില്‍ തനിച്ച്ചിരിക്കുമായിരുന്നു....അന്ന് തൊട്ടായിരിക്കം ഒരു പക്ഷെ ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയത്...
                                  ഈ എകാന്തതക്ക്‌ പോലും പല മുഖങ്ങള്‍ ഉണ്ടോ?അതെ...അതുകൊണ്ട് തന്നെയാണ് ചില നേരം ഏകാന്തത ഇഷ്ടപ്പെടുന്നതും മറ്റു ചില നേരങ്ങളില്‍ തിരക്കൊഴിയരുതെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതും..നമ്മള്‍ ആഗ്രഹിക്കാതെ ഏകാന്തത കടന്നു വരുന്ന ചില നിമിഷങ്ങള്‍ ഉണ്ട്.അത് ഒരു പക്ഷെ അതിനെ ഭയപ്പെടുന്ന ഒരു നേരത്തായിരിക്കാം...എന്റെ ബാല്യവും കൌമാരവും യൌവനവും എല്ലാം ഏകാന്തതയെ സ്നേഹിച്ചിരുന്നു.ഇനി എന്റെ വാര്‍ധക്യം അതേ ഏകാന്തതയെ സ്നേഹിക്കുമോ?അതോ ഞാന്‍ ഇപ്പോഴേ അതിനെ ഭയപ്പെടുന്നുവോ???
                                   ഇന്ന് ആദ്യമായി,ഉമ്മ തനിച്ചായപ്പോള്‍ അതെന്നെ അങ്ങനെ ചിന്തിക്കാനും പ്രേരിപ്പിക്കുന്നു.ആദ്യമായാണ് നമ്മള്‍ മക്കളാരും അടുത്തില്ലാതെ ഉമ്മ തനിച്ചാവുന്നത്.എന്റെ നിസ്സഹായത എന്നെ ഉമ്മാക്ക് കൂട്ടിരിക്കാനും സമ്മതിക്കുന്നില്ല..മനസ്സ് കൊണ്ട് മുഴുവനായും ഉമ്മാന്റെ കൂടെ തന്നെയാണ്.,പിന്നീട് ചിന്തിക്കുമ്പോള്‍ തിരിച്ചു പിറകിലേക്ക് വരാന്‍ ഒക്കില്ലെന്നും അതുകൊണ്ട്  ഒരു 6 മാസമെങ്കിലും കൂടെ പോയി നിന്നോ എന്നും ഭര്‍ത്താവ്  ഉപദേശിക്കുന്നു..പക്ഷെ ഏതു ചങ്ങലകളാണ് എന്നെ ബന്ധിച്ചിരിക്കുന്നത്??ഈ 6 മാസം കുട്ടികളെ സ്കൂള്‍ എന്താക്കും എന്ന ചിന്തയോ..അതോ എന്റെ ബിസിനസ്‌ ആര് നോക്കുമെന്ന ചിന്തയോ..അതോ ഇനി മറ്റെന്തെങ്കിലും സ്വാര്‍ത്ഥ ചിന്തകളോ???എനിക്കറിയില്ല..ഉമ്മ നേരിടുന്ന ആ ഏകാന്തതയുടെ വികൃത മുഖം എന്നെ വല്ലാതെ വേട്ടയാടുന്നു..ഞാന്‍ പലപ്പോഴും ഇഷ്ടപ്പെടുന്ന അതേ ഏകാന്തത തന്നെയാണോ ഇവിടെ എന്നെ ആശയകുഴപ്പത്തിലാക്കുന്നത്???ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മനസ്സില്‍ കൂരമ്പുകളായി തറക്കുമ്പോഴും,ഞാന്‍.... ഒന്ന് തനിച്ചിരിക്കാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതും.....

1 അഭിപ്രായം:

Unknown പറഞ്ഞു...

ഞാന്‍ പ്രണയിക്കുന്നതും എകാന്തതെയാണ്. നല്ല അവതരണം..കീപ്‌ ഇറ്റ്‌ അപ്പ്‌