വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

വീണ്ടുമൊരു വര്‍ഷം!

കഴിഞ്ഞു പോയ ഇന്നലെകളിലൂടെ നടന്നു നീങ്ങി വീണ്ടുമൊരു വര്‍ഷത്തിന്റെ അവസാന ദിനം വന്നെത്തിയിരിക്കുന്നു..ജീവിതയാഥാര്‍ത്യങ്ങളിലൂടെയുള്ള മുപ്പതു വര്‍ഷത്തെ സഞ്ചാരം ഒരുപാട് അനുഭവങ്ങളും പാഠങ്ങളും നല്‍കിയിരിക്കുന്നു.ജീവിതത്തിലെ മറ്റൊരു മറക്കാനാകാത്ത വര്‍ഷമാണ്‌ ഈ കടന്നു പോകുന്നത്..ഇന്നലെകളെ ഒരിക്കലും മറക്കാനാവുന്നതല്ല...ചില ഇന്നലെകളെ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ചാലും,അതിനാവില്ല..ഇന്നിന്റെ അനന്തമായ വഴിയിലൂടെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി നാളെയെത്തേടിയുള്ള യാത്ര തുടരുകയാണ്.തികച്ചും അജ്ഞാതമായ 'നാളെ'കളിലെക്കുള്ള യാത്ര...

ഓരോ വര്‍ഷവും ഒരുപാട് ബന്ധങ്ങള്‍ നമ്മെ വിട്ടു പിരിയുകയും,ചില ആത്മ ബന്ധങ്ങള്‍ കൂടിച്ചേരുകയും ചെയ്യുന്നു.എവിടെ നിന്നോ വന്നു ഈ അന്യ നാട്ടില്‍ ഒരു കുടുംബം പോലെ കഴിയുന്ന കൂട്ടുകാര്‍..പ്രവാസ ജീവിതം എന്നും ഒരു യാത്ര പറച്ചിലിനുള്ള വേദിയാണെന്നറിഞ്ഞിട്ടും  മനസ്സിന്റെ ഇഴയടുപ്പം പിരിയാനാവാത്ത വിധം മുറുകിപ്പോയ ബന്ധങ്ങള്‍.ഇന്നിന്റെ ഈ സൌഹൃദങ്ങള്‍ എത്ര 'നാളെ'കള്‍  കാണാന്‍,കൂടെയുണ്ടാവുമെന്നറിയില്ല.പക്ഷെ അവരൊക്കെയും എനിക്ക് പ്രിയപ്പെട്ടവരാണ്.ഒരിക്കലും പിരിയാനാവാത്ത കൂട്ടുകാര്‍...എന്നും ചേര്‍ത്ത് നിര്‍ത്താന്‍ ആഗ്രഹിക്കുമെങ്കിലും ചിലരെ ദൈവം തന്നെ  നമ്മില്‍ നിന്നകറ്റുന്നു.ഈ വര്‍ഷവും അതുപോലെ ഒരിക്കലും മറക്കാനാകാത്ത ഒരു കൂട്ടുകാരന്‍ പിരിഞ്ഞു  പോയിരിക്കുന്നു.അവന്റെ 3 മക്കളെയും അനാഥരാക്കിക്കൊണ്ട്...ഇന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു സത്യമാണത്.ഞങ്ങള്‍ക്കാര്‍ക്കും ഇന്നും വിശ്വസിക്കാനാവാത്ത ഒരു സത്യം.ഒരു രാത്രിയിലെ ഉറക്കം മരണത്തിലേക്ക് വഴുതി വീഴാന്‍ ഒരു നിമിഷം മതിയെന്ന സത്യം.അങ്ങനെ ഓരോ ഇന്നും കഴിഞ്ഞു പോകുമ്പോള്‍ ഒരുപാട് സത്യങ്ങള്‍ യാഥാര്‍ത്യങ്ങളായി തീരുന്നു.ആ ഇന്നിന്റെ യാഥാര്‍ത്യങ്ങളിലൂടെ മുന്നോട്ടു സഞ്ചരിക്കാന്‍ അയക്കപ്പെട്ടവരാണ് നമ്മള്‍.

പുതുവര്‍ഷങ്ങള്‍ വരുമ്പോള്‍ അല്ലെങ്കില്‍ ജന്മദിനം വരുമ്പോളായിരിക്കും പലരും കഴിഞ്ഞു പോയ ഇന്നലെകളെയും വരാനിരിക്കുന്ന നാളെകളെയും കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നത്.ജീവിത വൃക്ഷത്തിലെ ഒരില കൂടി കൊഴിഞ്ഞു പോകുന്നു എന്ന ഓര്‍മപ്പെടുത്തലായിരിക്കാം അതിനുള്ള കാരണം.പുതുവര്‍ഷത്തിലെ ഓരോ പ്രതിജ്ഞകളും എത്ര കാലം നില നില്‍ക്കുമെന്നറിയില്ല.തന്നെക്കൊണ്ട് ചെയ്യാനാവില്ല എന്നാവുമ്പോള്‍ നമ്മില്‍ പലരും അതിനെപറ്റി മറക്കുന്നു.ഈ വര്‍ഷവും പതിവുപോലെ ഞാനും ഒരു new  year resolution എടുക്കുന്നു.വല്ലതും നടക്കുമോ എന്നറിയില്ല.പക്ഷെ ശ്രമിക്കാം..എന്റെ സ്വപ്നങ്ങളുടെ ചിറകൊടിക്കാന്‍....മോഹങ്ങളെ മാറ്റി നിര്‍ത്താന്‍..മറ്റൊന്നും കൊണ്ടല്ല അപ്പഴേ എനിക്ക് നിന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ..പക്വമായ തീരുമാനങ്ങളിലെക്കെത്താന്‍ കഴിയൂ..അതിനുള്ള ഒരു ശ്രമം..അത്ര മാത്രം..

വീണ്ടുമൊരു വര്‍ഷം കൂടി ആയുസ്സ് തന്ന ദൈവത്തെ നന്ദിയോടെ സ്മരിക്കാം.പുതു വര്‍ഷം എല്ലാവര്‍ക്കും നന്മയും സന്തോഷങ്ങളും നിറഞ്ഞതാകട്ടെ....ഓരോ പരീക്ഷണങ്ങളും നേരിടാനും വിജയിക്കാനും ദൈവം എല്ലാവരെയും സഹായിക്കട്ടെ...ഓരോ നാളെയും എല്ലാവര്‍ക്കും ഓരോ പ്രതീക്ഷകളാണ്..ഞാനും എന്റെ തിരിച്ചു വരാത്ത ഇന്നലെകളുടെ ഓര്‍മ്മയിലൂടെ നല്ല നാളെകളെ പ്രതീക്ഷിക്കുകയാണ്..പ്രതീക്ഷകളൊന്നും നിരാശകളാവില്ലെന്ന വിശ്വാസത്തോടെ..വീണ്ടും മറ്റൊരു വര്‍ഷത്തിലേക്കുള്ള കാല്‍വെപ്പ്‌..എല്ലാം നല്ലതിനാകട്ടെ..എല്ലാവര്‍ക്കും...

ബുധനാഴ്‌ച, ഡിസംബർ 21, 2011

വയലിന്

എന്നാണ് അതൊരു മോഹമായി എന്റെ മനസ്സില്‍ കടന്നുകൂടിയതെന്നു കൃത്യമായി ഓര്‍ക്കുന്നില്ല..ഏതായാലും 10 വയസ്സിനു മുന്നേയാണ്‌..ഒരു വയലിന്‍ എനിക്ക് സ്വന്തമായി വേണം എന്ന ആഗ്രഹം ഉണ്ടായത്.അന്ന് ഒരു പക്ഷെ സംഗീതത്തോടുള്ള വെറുമൊരു ഇഷ്ടം മാത്രമായിരിക്കാം അങ്ങനെ ഒരു ആഗ്രഹം ഉണ്ടാക്കിയത്.പക്ഷെ ഞാന്‍ വളരുന്തോറും എന്റെ മനസ്സില്‍ അതിനോടുള്ള അടങ്ങാത്ത ഒരു മോഹം വളര്‍ന്നു കൊണ്ടേയിരുന്നു.ഒരു ജോലി കിട്ടിയാല്‍ ആദ്യം കിട്ടുന്ന ശമ്പളം ഉമ്മാന്റെ കയ്യില്‍ കൊടുക്കും എന്നിട്ട് അതില്‍ നിന്നും ഒരു വയലിന്‍ വാങ്ങാനുള്ള പണം തരാന്‍ ഉമ്മാനോട് പറയും എന്നൊക്കെ ഞാന്‍ അന്നേ സ്വപ്നം കാണാറുണ്ടായിരുന്നു
സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ വയലിന്‍ പഠിക്കാന്‍ വേണ്ടി ഒരു ക്ലാസ്സില്‍ പോയി അന്വേഷിച്ചു.വീട്ടില്‍ സമ്മതിക്കുമോ എന്നൊന്നും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല.എങ്കിലും എന്തോ...അവിടെ ചെന്ന് ഫീസ്‌ എത്രയാവും എന്നൊക്കെ അന്വേഷിച്ചു.വീട്ടില്‍ ചെന്ന് ഉമ്മയോട് കാര്യം പറഞ്ഞു..ഉപ്പ മരിച്ചതിനു ശേഷം ഇക്കാക്ക യാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്.അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ശുപാര്‍ശക്കായി ഉമ്മയോടാണ് ആദ്യം അവതരിപ്പിക്കാന്‍...ഉമ്മയോട് പറഞ്ഞ ഉടനെ തന്നെ കാര്യം നടക്കില്ലെന്നു മനസ്സിലായി.."ഉം..വയലിന്‍..ഇനി അതിന്റെ ഒരു കുറവും കൂടെ ഉണ്ടായിരുന്നുള്ളു നിനക്ക്..വെറുതെ വേണ്ടാത്ത പൂതിയൊന്നും കൊണ്ട് നടക്കണ്ട..അതൊന്നും ഞമ്മക്ക് പറഞ്ഞ പണിയല്ല"..എങ്കിലും രാത്രി ഇക്കാക്ക വന്നപ്പോള്‍ ഉമ്മ പറയുന്നത് ഞാന്‍ കേട്ടു..ഓള്‍ക്ക് ഒന്ന് വയലിന്‍ പഠിക്കണോലോ..(ഹോ സമ്മതിക്കയിരിക്കുംന്നു കരുതി കാതോര്‍ത്തു കെടക്കുമ്പോഴാ ഉമ്മാന്റെ അടുത്ത ഡയലോഗ്)ഞാന്‍ പറഞ്ഞു അതൊന്നും ഞമ്മക്ക് പറ്റ്യ പണി അല്ലാന്നു"(ശോ നശിപ്പിച്ചു മ്മ..ഇനി നോക്കണ്ട)ഞാന്‍ വിചാരിച്ച പോലെ തന്നെ..ഒരു മൂളക്കം മാത്രേ ഇക്കാക്ക മറുപടിയായി പറഞ്ഞുള്ളൂ..അപ്പൊ ഏകദേശം ഉറപ്പിച്ചു ഇനി ഒരു ജോലി  കിട്ടിയിട്ട് ഈ പൂതി മനസ്സില്‍ കേററിയാ മതീന്ന്.
പക്ഷെ പലപ്പോഴും മനസ്സിനെ നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര എളുപ്പത്തില്‍ നിയന്ത്രിക്കാനാവില്ലല്ലോ..ഉറക്കം വരാത്ത പല രാത്രികളിലും ഏകാന്തതയില്‍ സ്വയം അലിഞ്ഞു ചേര്‍ന്ന് എന്റെ വയലിന്‍ തന്ത്രികളില്‍ ഞാന്‍ സംഗീത വിസ്മയം തീര്‍ത്തു..ഒരിക്കല്‍ എനിക്ക് വേണ്ടി മാത്രമായി ഒരുപാട് നേരം ആ വയലിന്‍ മതി വരുവോളം വായിച്ചിരിക്കുമെന്നു ഞാന്‍ മനക്കോട്ട കെട്ടി...
പിന്നെ കോളേജ് വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് സംഗീതത്തോടും വയലിനോടും ഒക്കെ വല്ലാത്ത അഭിനിവേശം തന്നെയായിരുന്നു.പ്രായത്തിന്റെയാണോ അതോ മനസ്സിലെ പ്രണയത്തിന്റെയാണോ  എന്നറിയില്ല..തനിച്ചിരിക്കുമ്പോളൊക്കെ പ്രണയത്തിന്റെ ഓര്‍മ്മകളും സംഗീതവും വയലിനും മാത്രമായിരുന്നു എന്റെ മനസ്സില്‍..മഞ്ഞു പൊഴിയുന്ന രാവുകളില്‍ അവനു വേണ്ടി മാത്രമായി ആ വയലിനില്‍ ഞാന്‍ ഒരു രാഗം തീര്‍ത്തു..ബന്ധനങ്ങള്‍ക്കും യാഥാസ്ഥിതിക ചുറ്റുപാടുകള്‍ക്കും നടുവിലുള്ള എനിക്ക് ഇതെല്ലാം അന്യമാണെന്ന് തിരിച്ചറിയാന്‍ എന്തോ എന്റെ മനസ്സിന് കഴിഞ്ഞിരുന്നില്ല.എന്റെ സ്വപ്‌നങ്ങള്‍ ഓരോന്നും അന്യമായിട്ടും  സംഗീതത്തെയും വയലിനെയും മാത്രം ഞാന്‍ എങ്ങും പറഞ്ഞു വിട്ടില്ല..ഒരിക്കലെങ്കിലും ഒരു വയലിന്‍ സ്വന്തമാക്കുമെന്ന് ഞാന്‍ എന്നും സ്വപ്നം കണ്ടു.
ഒരു ജോലി കിട്ടി വയലിന്‍ വാങ്ങുന്ന കാര്യവും നടക്കാന്‍ പോവുന്നതല്ല എന്ന് ഡിഗ്രി കഴിയുമ്പോഴേക്കും ഒരു തിരിച്ചറിവുണ്ടായിക്കഴിഞ്ഞിരുന്നു..കാരണം മറ്റൊന്നുമായിരുന്നില്ല വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നു.ഡിഗ്രി ഫൈനല്‍ എക്സാമിന്റെ സമയത്ത് അങ്ങനെ ഈയുള്ളവളുടെ വിവാഹ നിശ്ചയം നടന്നു.ഇനിയുള്ള എന്റെ പ്രതീക്ഷ എന്നെ കെട്ടാന്‍ പോവുന്ന ആളാണ്‌.നിശചയം കഴിഞ്ഞു 2  മാസം കഴിഞ്ഞാണ് വിവാഹം.ആ രണ്ടു മാസത്തെ ഫോണ്‍ വിളികളില്‍ തന്നെ എന്റെ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പ്രണയവും സംഗീതത്തോടും വയലിനോടും ഉള്ള പ്രണയവും ഒക്കെ പറഞ്ഞിരുന്നു.വിവാഹം കഴിഞ്ഞ ഉടനെയാണ് അദ്ദേഹം  ഗള്‍ഫിലേക്ക് വരുന്നത്...ഒരു വയലിന്‍ സ്വന്തമാക്കാനുള്ള എന്റെ ആഗ്രഹം അദേദഹത്തോടും  പങ്കു വെച്ചതുകൊണ്ട് ഗള്‍ഫിലെത്തിയ ആദ്യ നാളുകളില്‍ ഒരിക്കല്‍ എനിക്കെഴുതിയ കത്തുകളില്‍ ഒന്നില്‍ ഒരു വയലിന്‍ വാങ്ങാന്‍ പോയി നോക്കിയ കാര്യം സൂചിപ്പിക്കുകയുണ്ടായി.അന്ന് ഞാന്‍ പറഞ്ഞു..ഇപ്പൊ വേണ്ട..നിങ്ങള് പോയ കടങ്ങളൊക്കെ ഇല്ലേ..അതൊക്കെ കഴിയട്ടെ എന്നിട്ട് മതി എനിക്ക് വയലിനൊക്കെ....(കൈ വിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചു പിടിക്കാന്‍ ആവില്ലെന്ന് പിന്നീട് മനസ്സിലായി)
വിവാഹം കഴിഞ്ഞു 4 വര്‍ഷങ്ങള്‍ കൊണ്ട് ഞാനും ഈ നാട്ടിലെത്തി..ഒരിക്കല്‍ ഇവിടെയുള്ള ഒരു സൂക്കില്‍ പോയപ്പോള്‍ മ്യുസിക്കല്‍ ഇന്‍സ്ട്രുമെന്റ്സ് വില്‍ക്കുന്ന ഒരു കട കണ്ടു.ചില്ല് കൂട്ടില്‍ ഇരിക്കുന്ന വയലിന്‍ കണ്ടപ്പോള്‍ ഒന്ന് കൈ കൊണ്ട് വെറുതെ തൊടാനെങ്കിലും തോന്നി എനിക്ക്...അതിന്റെ പ്രൈസ് ററാഗ് കണ്ടപ്പോള്‍ നാട്ടിലെ എത്ര രൂപയാവും എന്ന് ഭര്‍ത്താവിനോട്  ചോദിച്ചു.കേട്ട ഉടനെ "അല്ലാഹ്  നിക്ക് വേണ്ട ഇപ്പൊ..പിന്നെ എപ്പളെങ്കിലും വാങ്ങാം" ന്നും പറഞ്ഞു വീണ്ടും നല്ല പുള്ളിയായി ഞാന്‍...എന്ന് കരുതി സ്വപ്നങ്ങളെ കരിച്ചു കളയാനോ പിഴുതെറിയാനോ ഈയുള്ളവള്‍ തയ്യാറായിരുന്നില്ല..വീണ്ടും നീട്ടി വെക്കുകയായിരുന്നു ആ മോഹം.
ശബ്ദ ഭംഗിയും വൈകാരികതയും തീവ്രമായി പ്രതിഫലിക്കുന്ന ഒരു മാധ്യമം തന്നെയാണ് വയലിന്‍.വികാരങ്ങളുടെ വിവിധ ഛായകളെ ആവിഷ്ക്കരിക്കുന്ന ഒരു ഉപകരണം..ഏകാന്തമായ ഭൂഖണ്ഡത്തിലെന്നപോലെ എന്നെ ചിലപ്പോളൊക്കെ വയലിന്‍ ഏതോ ഒരു മാസ്മരിക ലോകത്ത് ചെന്നെത്തിക്കാരുണ്ടായിരുന്നു..വേദനകള്‍ ഹൃദയത്തെ  കൊത്തിവലിക്കുമ്പോള്‍ നൊമ്പരങ്ങളെ വയലിന്‍ തന്ത്രികളില്‍ സംഗീതമാക്കി  ശിരസ്സ്‌ ചായിച്ച്‌  കണ്ണുകളടച്ച്‌  ഒരുപാട് നേരം കിടക്കാരുണ്ടായിരുന്നു സ്വയം മറന്ന്...
പക്ഷെ ആ വയലിന്‍ മോഹം നശിക്കാന്‍ പോകുന്നു എന്ന തിരിച്ചറിവ് ഒരു ഇടിത്തീയായി എന്റെ നെഞ്ചില്‍ പതിച്ചത് ഓര്‍ക്കാപ്പുറത്തായിരുന്നു..ഒരു ദിവസം ഖുറാന്‍ ക്ലാസ്സില്‍ വെച്ച് ഉസ്താദിന്റെ വായില്‍ നിന്നും ആ വാക്കുകള്‍ ഞാന്‍ കേട്ടു..സംഗീത ഉപകരണങ്ങളൊക്കെയും ഹറാമാണ്...ഹോ ന്റെ റബ്ബേ...എന്തിനെയ്നും ഇയാള്‍ ഇപ്പൊ ഇത് പറഞ്ഞത്ന്നാ അന്നേരം തോന്നിയത്...ഇത് കേട്ട സ്ഥിതിക്ക് ഇനി സ്വപ്നം പോലും കാണണ്ട...നശിപ്പിച്ചു സകലോം..
ഈമാന്‍ അത്രത്തോളം മനസ്സില്‍ ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല വയലിനോടും സംഗീതത്തോടുമുള്ള എന്റെ പ്രണയം ഇന്നും നശിച്ചിട്ടില്ല.വയലിന്‍ തന്ത്രികളില്‍ വിസ്മയമോരുക്കിയ ആല്‍ബെര്‍ട്ട് സമ്മണ്‍സിന്റെയും കാള്‍ ഫ്ലഷിന്റെയും സോണറ്റകളും ക്ളാസിക്കുകളും ഹിന്ദുസ്ഥാനി വയലിന്‍ സംഗീതവും കുന്നക്കുടി വൈദ്യനാഥന്റെ വയലിന്‍ സംഗീതവും ഒക്കെ എനിക്ക് ഇന്നും ഒരുപാടിഷ്ടമാണ്.മനസ്സിന്റെ അവസ്ഥാന്തരങ്ങളില്‍ ചിലപ്പോളൊക്കെ ഞാനതില്‍ ലയിച്ചിരിക്കാറുണ്ട്.എന്റെ നൊസ്റ്റാള്‍ജിയകളിലെല്ലാം വയലിന്‍ ശബ്ദമുണ്ട്‌..വയലിനോടുള്ള എന്റെ പ്രണയം ഇന്നും മനസ്സില്‍ നിലനില്‍ക്കുന്നു..കൈയ്യെത്താ ദൂരത്തെ ഒരു സ്വപ്നമായി,അത് സ്വന്തമാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും എന്തോ ആ സംഗീതത്തെ ഇന്നും ഞാന്‍ സ്നേഹിക്കുന്നു..

ശനിയാഴ്‌ച, ഡിസംബർ 10, 2011

മൌനം.

പേരറിയാത്ത ഒരുപാട് വേദനകള്‍ നല്‍കുന്ന ചിന്തകളുണ്ടാവാറുണ്ട് പലപ്പോഴും....അലക്ശ്യമായ മനസ്സ് ഇന്നും കൂട്ടികൊണ്ടുപോയിരിക്കുന്നു ഒരുപാട് ചിന്തകളിലേക്ക്....മൌനത്തിന്റെ സൌന്ദര്യം ആവോളം ആസ്വദിക്കാന്‍ തോന്നി.മൌനം പലപ്പോഴും ഭാഷയാണ്.ഹൃദയം വിങ്ങുമ്പോള്‍,എന്തിനെന്നറിയാതെ നെഞ്ചില്‍ ഒരു നേരിപ്പോടെരിയുമ്പോള്‍ ആ ഭാഷ വളരെ മനോഹരമാണ്.. ആരോടും മിണ്ടാതെ ഒന്നും കേള്‍ക്കാതെ ഒരിത്തിരി നേരം...പക്ഷെ നിസ്സഹായയാണ് ഞാന്‍..അങ്ങനെ ഒരു അവസ്ഥയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശരിക്കും നിസ്സഹായ..
മഴ പെയ്തൊഴിഞ്ഞ നിശബ്ദമായ വഴികളിലൂടെ ഈ ചിന്തകളും എന്റെ മനസ്സിനെ എവിടെയൊക്കെയോ കൂട്ടി കൊണ്ടുപോകുന്നു...ഒരുപാട് ചോദ്യ ചിഹ്ന്നങ്ങള്‍ മാത്രമേ  മുന്നില്‍ കാണാനാവുന്നുള്ളൂ.എവിടെയാണ് ഞാന്‍??എങ്ങോട്ടാണീ യാത്ര?എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തരാന്‍ ഈ മൌനവും നിസ്സഹായയാണ്...

ബുധനാഴ്‌ച, നവംബർ 23, 2011

പെയ്തൊഴിഞ്ഞ കണങ്ങള്‍

ദിവസങ്ങള്‍ ഏറെയായി ഈ മേഘാവൃതമായ അന്തരീക്ഷം..
മേഘങ്ങള്‍ പെയ്തുതീര്‍ക്കാന്‍ മടിച്ചതോ അതോ പെയ്തൊഴിയാന്‍പോലും പറ്റാത്ത നിസ്സഹായാവസ്ഥയിലായിരുന്നതോ? എപ്പോള്‍ പെയ്യണമെന്നറിയാതെ നീലവിഹായസ്സില്‍ മേഘങ്ങള്‍ അലകഷ്യമായി ഒഴുകുന്നത്‌ പോലെ തോന്നി.
ഒടുവില്‍, ഇന്നലെ..രാവിന്‍ നിശബ്ദതയില്‍ കരളുരുകി പെയ്ത മഴയുടെ നാദം അവള്‍ മാത്രമേ കേട്ടിരുന്നുള്ളു. അനിവാര്യമായ ഒരു നേരം അതാണെന്ന് പ്രകൃതിക്കും തോന്നിയിരിക്കാം 

ഓരോ മഴത്തുള്ളിയും വിണ്ണില്‍ നിന്നുതിര്‍ന്നു വീഴുന്ന കണ്ണ്നീരാണെന്നും എന്തൊക്കെയോ പറയാന്‍ കൊതിച്ചിട്ടും പറയാനാവാതെ വാനം വിങ്ങിപ്പോട്ടുകയാണെന്നും എനിക്ക് തോന്നി. ആ കണ്ണുനീരില്‍ ചിലത് ഒരു നനുത്ത സ്പര്‍ശമായ് ഇലത്തുമ്പുകളില്‍ വീണെങ്കിലും പാതി മയക്കത്തിലായിരുന്ന ഇലകള്‍ക്ക് അതൊരു കുളിരിനപ്പുറം ഒന്നുമായിരുന്നില്ല..
ആ മഴത്തുളികളെ കൈക്കുമ്പിളില്‍  കൊരിയെടുക്കാനോ ഒന്ന് ആശ്വസിപ്പിക്കാനോ ആരും ഉണ്ടായിരുന്നില്ല..!   
  .
തളര്‍ന്നു മയങ്ങും വരെ വാനം ആ കണ്ണ് നീരോക്കെയും പെയ്തു തീര്‍ത്തു. 
അവളുടെ കണ്ണുനീര്‍ മണ്ണില്‍ ചാലുകള്‍ കീറി ഒഴുകിക്കൊണ്ടിരുന്നു. അവളെ ആശ്വസിപ്പിക്കാന്‍ വേണ്ടി സൂര്യന്‍, പുലരാന്‍ വെമ്പിനിന്നതുപോലെ തോന്നി.. അവള്‍ക്കരികെ ഓടിയെത്തിയ സൂര്യന്റെ സ്നേഹകിരണങ്ങള്‍ അവളെ പ്രശോഭിതയും മനോഹരിയുമാക്കി. ആ സ്നേഹസ്പര്‍ശം അവളെ സന്തോഷവതിയാക്കി, അതുകൊണ്ട് തന്നെ ഇത്രയുംദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രഭാതത്തില്‍ മാനം പതിവിലും തെളിഞ്ഞതായി കാണാമായിരുന്നു. 

ഞായറാഴ്‌ച, നവംബർ 20, 2011

എന്നിലെ ഗായിക!!

ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യമായി എന്‍റെ പാട്ടിനൊരു സമ്മാനം കിട്ടുന്നത്. അന്നൊരു സ്വാതന്ത്ര്യ ദിനമായിരുന്നു."ഇന്ത്യ എന്‍റെ രാജ്യം...,എന്‍റെ മാതൃ രാജ്യം,..ഇന്ത്യ എന്‍റെ ജീവനേക്കാള്‍ ജീവനായ രാജ്യം....എന്നതായിരുന്നു അതിന്റെ തുടക്കം..ചെമ്മനം ചാക്കോയുടെ ഒരു ചെറിയ കവിത... എനിക്കതിനു ഒന്നാം സമ്മാനം കിട്ടി..പക്ഷെ സമ്മാനത്തിന്റെ പ്രാധാന്യം ഒന്നും അന്ന് അറിഞ്ഞിരുന്നില്ല...ഒരു ചുവന്ന പ്ലാസ്റ്റിക്‌ കൂട ആയിരുന്നു സമ്മാനം.അന്ന് തന്നെ മറ്റൊരു സമ്മാനം കൂടെ ഉണ്ടായിരുന്നു.ക്ലാസ്സില്‍ ഒന്നാം റാങ്കുകാരി ആയതിനുള്ള സമ്മാനം..അതൊരു സ്റ്റീല്‍ പ്ലേയ്ട്ടും..25 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അത് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നു.

ഞങ്ങളുടെ വീട് നിര്‍മ്മിക്കുന്നതിനാല്‍ തറവാട്ടിലായിരുന്നു ആ ഒരു വര്‍ഷം ഞങ്ങള്‍ താമസിച്ചിരുന്നത്.വേനലവധിയോടെ വീട് പണി പൂര്‍ത്തിയായി..അങ്ങനെ ആ വര്‍ഷം ഏപ്രില്‍ 11  നു ഞങ്ങള്‍ തികച്ചും അപരിചിതമായ ഒരു സ്ഥലത്തേക്ക് താമസം മാറി..കോഴിക്കോട് മെഡിക്കല്‍ കോളെജിനടുത്തുള്ള മായനാട് എന്ന സ്ഥലം.അങ്ങനെ എന്‍റെ രണ്ടാം ക്ലാസ് പഠനം അവിടെ ആരംഭിച്ചു.ആദ്യത്തെ ഒന്ന് രണ്ടു വര്‍ഷം സാഹിത്യ സമാജങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നല്ലാതെ യുവജനോത്സവങ്ങളില്‍ പങ്കെടുക്കനോന്നും വീട്ടില്‍ നിന്നും സമ്മതം ഉണ്ടായിരുന്നില്ല..സ്കൂളിലെ ഉറുദു മാഷിനായിരുന്നു കുട്ടികളെ മാപ്പിള പാട്ടും അറബിപ്പാട്ടും ഒക്കെ പഠിപ്പിക്കാനുള്ള ചുമതല.

അങ്ങനെ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അറബി പദ്യം ചൊല്ലല്‍ മത്സരത്തിനു പങ്കെടുക്കാന്‍ അധ്യാപകരൊക്കെ നിര്‍ബന്ധിച്ചു..ഉറുദു മാഷെ(അദ്ദേഹത്തെ എല്ലാരും അങ്ങനെയാണ് വിളിക്കാറ്,സത്യത്തില്‍ ഇന്നും എനിക്ക് അവരെ പേരറിയില്ല) നിര്‍ബന്ധത്തിനു വഴങ്ങി എന്‍റെ വീട്ടുകാര്‍ സമ്മതം മൂളി.എന്‍റെ ഉമ്മയും ഉപ്പയും ഒക്കെ അത്യാവശ്യം പാട്ട് പാടുന്നവരാണ്..അന്ന് ഉമ്മ തന്നെ എനിക്ക് വേണ്ടി ഒരു അറബി പദ്യം എഴുതി തന്നു..അത് വരെ പാടിയപ്പോളൊന്നും ഒരു സഭാ കമ്പം ഉണ്ടായിരുന്നില്ല.കാരണം സദസ്സിലുണ്ടായിരുന്നവരെല്ലാം എന്നെ അറിയുന്നവരും എനിക്ക് അറിയാവുന്നവരും മാത്രം..

പോരാത്തതിന് ഞാന്‍ ഇതൊന്നും വല്യ കാര്യമായി എടുത്തിരുന്നില്ല പക്ഷെ ഇത് ഉപജില്ലാ കലോത്സവം ആണ്.അത് എന്താണെന്നോ എങ്ങനെയാണെന്നോ ഒരു തരത്തിലുള്ള മുന്‍വിധിയും എനിക്കുണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ അധ്യാപകരുടെ കൂടെ പോകുമ്പോള്‍ ഒരു പിക്നിക് എന്നതിലുപരി മറ്റൊന്നും തോന്നിയിരുന്നില്ല.

അറബി പദ്യത്തിനുള്ള വേദി എസ്.കെ.പൊറ്റക്കാട്‌ വായനശാല ആയിരുന്നു.അവിടെ എത്തിയപ്പോ തന്നെ കാര്യങ്ങളുടെ ഒരു കിടപ്പ് ഏകദേശം പിടി കിട്ടി.അവിടുത്തെ ഒരു ആള്‍ക്കൂട്ടവും മറ്റും കണ്ടപ്പോ എനിക്കാകെ ബേജാറാവാന്‍ തുടങ്ങി..ന്താ പ്പം ചെയ്യ ന്‍റെ റബ്ബേ...ന്‍റെ ഉള്ളിലെ ബേജാറ് മാഷോട് പറഞ്ഞു."മാഷെ,ന്നെ ക്കൊണ്ട് പറ്റുംന്നു തോന്നണ്‌ല്യ ട്ടോ"...പിന്നെ,നിനക്ക് പറ്റാണ്ടെ..ധൈര്യമായി പാടിക്കോ ഒരു കുഴപ്പവുംല്യാന്നു മാഷ്‌ മറുപടി പറഞ്ഞു.എനിക്കപ്പോ ഉമ്മനെയും ഉപ്പനെയും കാണാനും ഒന്ന് കരയാനും ഒക്കെ തോന്നി...നാലാം ക്ലാസ്സില്‍ പഠിക്കണ ഒരു ചെറിയ കുട്ടിയല്ലേ..കരഞ്ഞില്ലെന്കിലെ അത്ബുധമുള്ളൂ..ഇനി ഇപ്പൊ എന്ത് പറഞ്ഞിട്ടും കാര്യംല്യ..പാടെന്നെ.

അങ്ങനെ എന്‍റെ ഊഴം വന്നു.."ചെസ്റ്റ് നമ്പര്‍ പതിനാല്‌"..ആ അനൌന്‍സ്മെന്റ് ന്‍റെ ചെവിയില്‍ ഒരു പേടിപ്പെടുത്തുന്ന ശബ്ദമായി വന്നലച്ചു.അല്ലാഹുവേ..സ്റ്റേജിലേക്ക് കയറി നടക്കാന്‍ പറ്റുന്നില്ല..ന്‍റെ കാലുകള്‍ക്ക്  വല്ലാണ്ടെ കനം കൂടിയിരിക്കുന്നു...എങ്ങനോക്കെയോ വിറച്ചു വിറച്ചു വേദിയിലെത്തി..ഇന്നും ആ ഇരുണ്ട മുറി ഞാന്‍ ഓര്‍ക്കുന്നു. എന്‍റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നത് കൊണ്ടാണോ എന്നറിയില്ല.എനിക്ക് അവിടെ ആകെ കാണാന്‍ പറ്റിയത് കുറെ നിഴലുകള്‍ മാത്രമായിരുന്നു.പാടാന്‍ തുടങ്ങിയിട്ട് പുറത്തേക്കു ശബ്ദം വരാത്ത പോലെ..

സകല ശക്തിയുമെടുത്തു തുടങ്ങി.ആദ്യത്തെ വരി പോലും ഞാന്‍ ഇന്ന് ഓര്‍ക്കുന്നില്ല..പക്ഷെ ആദ്യ വരിയുടെ അവസാനം ഒരു "അജ്മഈനാ"... എന്ന്  നീട്ടി പാടിയതോര്‍മ്മയുണ്ട്..എന്‍റെ ശബ്ദം മാത്രമല്ല ഞാനും മൈക്കും സ്റ്റേജും ഒക്കെ ഒന്നായി വിറക്കുന്നത്‌ പോലെ തോന്നി.ഏഴു മിനിറ്റ് എങ്ങാനും ആയിരുന്നു പദ്യത്തിന്റെ ധൈര്‍ഗ്യംന്നു തോന്നുന്നു.എന്‍റെ തൊണ്ട വറ്റി വരളുന്നത് ഞാന്‍ മാത്രമേ അറിഞ്ഞുള്ളൂ.എങ്ങനെയൊക്കെയോ ഒരു വിധം അവസാനിപ്പിച്ചു ഞാന്‍ സ്റ്റേജിന്നും ഇറങ്ങി.നേരെ മാഷുമാരുടെ അടുത്തേക്കാണ് പോയത്.അവരുടെ അടുത്തെത്തി ഞാന്‍ കരഞ്ഞു.

അത് പിന്നെ ന്‍റെ കൂടെ പിറപ്പാണ്. ഇന്നും കരയാന്‍ എനിക്ക് പ്രത്യേകിച്ചു കാരണമൊന്നും വേണ്ട..എന്‍റെ ഏങ്ങലടിച്ച കരച്ചില്‍ കേട്ട് മാഷെന്നെ സമാധാനിപ്പിച്ചു.പാട്ട് വിറച്ചതിലുള്ള സങ്കടം കൊണ്ടല്ല ന്‍റെ പേടി മാറാഞ്ഞിട്ടാണ് ഞാന്‍ കരഞ്ഞത്.അതവര്‍ക്ക് മനസ്സിലായില്ല..എന്‍റെ ഭാഗ്യം കൊണ്ടു അന്ന് സ്കൂളില്‍ നിന്നും പങ്കെടുക്കുന്ന ഈ ഒരു ഇനം മാത്രെ ഉണ്ടായിരുന്നുള്ളൂ..അത് കൊണ്ടു വേറെ വിദ്യാര്‍ത്ഥികളൊന്നും ഉണ്ടായിരുന്നില്ല..അല്ലെങ്കില്‍ സ്കൂള്‍ മുഴുവന്‍ പാട്ടായേനെ....ഇതിപ്പോ സ്‌റ്റാഫ് റൂമില്‍ മാത്രെ അറിയുള്ളൂ സാരല്യ.

ആ ഒരു വര്ഷം കഴിഞ്ഞു അഞ്ചാം ക്ലാസ്സിലെത്തി..സ്കൂള്‍ യുത്ത് ഫെസ്റ്റിവലിലൊന്നും പങ്കെടുക്കാനെ പോയില്ല.അങ്ങനെ ഉപജില്ലാ കലോത്സവം അടുത്തു.മാപ്പിളപ്പാട്ടിനു പങ്കെടുക്കാനുണ്ടായിരുന്ന കുട്ടിക്ക് ചിക്കന്‍പോക്സ്!!!പകരക്കാരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു...ഒന്നോണ്ടോന്നും പഠിച്ചീലെ ഈ ടീച്ചര്‍മാര്...ഇനിയും എന്നെ തന്നെ വെച്ച് വേണോ പരീക്ഷണം?എനിക്ക് പക്ഷെ ഒന്നും തോന്നിയില്ല.വീണ്ടും പങ്കെടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു...

എനിക്ക് അതില്‍ പങ്കെടുക്കുക എന്നതിലുപരി അതൊരു സ്വാതന്ത്ര്യം ആസ്വദിക്കലായിരുന്നു..ഇഷ്ടം പോലെ കൊള്ളി അയ്സ് തിന്നാനും,പാറി പറന്നു നടക്കാനും മറ്റുമുള്ള സ്വാതന്ത്ര്യം...വീട്ടില്‍ നിന്നും സമ്മതം വാങ്ങുന്ന കാര്യം അധ്യാപകര്‍ തന്നെ ഏറ്റെടുത്തു.ആകെ ഒരു ആഴ്ച മാത്രമേ മുന്നിലുള്ളൂ.അത് കൊണ്ട് തന്നെ റിഹേഴ്സലൊക്കെ വളരെ സീരിയസ് ആയി നടന്നു. മോയിന്‍ കുട്ടി വൈദ്യരുടെ ഒരു കടിച്ചാ പൊട്ടാത്ത പാട്ട്.."പുറപ്പെട്ട അബുജാഹിലുടന്‍ കിബര്‍ പൊങ്കി ഒളിന്തു ലിബാസു ചമയ്ന്തു..പുതുമാ കസബിട്ടു കല്‍ ബയ്ത് ഖരീറുമുടുത്തിടവെ....എന്ന് തുടങ്ങുന്ന വരികള്‍...ആ പാട്ടിന്റെ ഓരോ വരികളുടെയും അര്‍ഥം ഉറുദു മാഷ്‌ പഠിപ്പിച്ചു തന്നിരുന്നു...അത് കൊണ്ട് തന്നെ ഞാനും അതൊരു പരീക്ഷക്ക്‌ പഠിക്കുന്ന പ്രാധാന്യത്തില്‍ പഠിച്ചെടുത്തു..

അങ്ങനെ ആ ദിവസം വന്നെത്തി..തലക്കുളത്തൂര്‍ ഉള്ള ഏതോ സ്കൂള്‍ ആയിരുന്നു വേദി.വളരെ ഉത്സാഹത്തോടെ തന്നെ അന്ന് പാടി..പിറ്റേന്ന് പത്രം വന്നപ്പോള്‍ അതില്‍ മത്സര ഫലം ഉണ്ടായിരുന്നു..ഞാന്‍ അതിനെകുറിച്ചൊന്നും ബോധവതിയായിരുന്നില്ല.പതിവ് പോലെ സ്കൂളില്‍ പോയപ്പോ അധ്യാപകരുടെ പ്രശംസാ പ്രവാഹം..ഉറുദു മാഷ്‌ എന്നെ പേപ്പര്‍ കാണിച്ചു...മാപ്പിളപ്പാട്ട് ഒന്നാം സമ്മാനം മുബീന.കെ.പി. ന്‍റെ ചങ്ക് പൊട്ടിപ്പോയി...കഷ്ട്ടപെട്ടു പാടീട്ടു സമ്മാനം കിട്ടിയപ്പോ പേര് വന്നത് ആദ്യം പങ്കെടുക്കാന്‍ വേണ്ടി പേര് കൊടുത്ത കുട്ടിയുടേത്...അതിനു അന്ന് ഉപ്പയും ഇക്കക്കമാരും എന്നെ കുറെ കളിയാക്കി.പോരാത്തതിന് അന്നൊക്കെ സമ്മാനം കിട്ടിയാല്‍ സ്കൂളിലെ ചില്ലലമാരയില്‍ വെക്കാറാണ് പതിവ്.

എനിക്ക് കിട്ടിയ 'ഗപ്പും'അവടെ വെച്ചു. അതുകൊണ്ട് പ്രത്യേകിച്ചു ഒരു അംഗീകാരവും കിട്ടിയില്ല എന്ന് തന്നെ പറയാം..എന്നാലും ടീച്ചര്‍മാരുടെ ആ പ്രശംസ അതെനിക്ക് വളരെ സന്തോഷം നല്‍കിയിരുന്നു...എനിക്ക് അത്ര മതിയായിരുന്നു.പിന്നീട് ഞാന്‍ യുവജനോല്സവങ്ങളിലോന്നും കാര്യമായി പങ്കെടുത്തിരുന്നില്ല.ഹൈസ്കൂളില്‍ പഠിക്കുമ്പോ  ഒപ്പനയ്ക്ക് പാട്ട് പാടാന്‍ ഒക്കെ നില്‍ക്കുംന്നല്ലാതെ തനിച്ചുള്ള മത്സരങ്ങളിലൊന്നും പങ്കെടുത്തില്ല.അന്ന് വേദിയിലിരുന്നു ഡാന്‍സ് ചെയ്യാനും കൂക്കി വിളിക്കാനും ഒക്കെ ആയിരുന്നു താല്പര്യം..പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂള്‍ ആയതോണ്ട് മേല്‍ക്കോയ്മ ഞങ്ങള്‍ക്കായിരുന്നു...ആ 3 വര്ഷം അങ്ങനെ ആസ്വദിച്ചു..

പിന്നീട് പ്രീ ഡിഗ്രിക്ക് ഫാറൂക്ക് കോളേജില്‍  ചേര്‍ന്നപ്പോ സീനിയെഴ്സിന്റെ റാഗിംഗ് മൂലം പലപ്പോഴും പാടേണ്ടി വന്നു..അങ്ങനെ ഫൈന്‍ ആര്‍ട്സ്  ഡേ വന്നപ്പോള്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയും മറ്റും നിര്‍ബന്ധിച്ചു ഒരു പാട്ട് പാടാന്‍..വീട്ടില്‍ നിന്നും സമ്മതിക്കില്ലാന്നു പറഞ്ഞു ഞാന്‍...അവിടെയും ശുപാര്‍ശക്കായി ഒരു സര്‍ വന്നു.ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രകാശ്‌ സര്‍. അങ്ങനെ അവിടെയും ഞാന്‍ ഒരു പാട്ട് പാടി..ദില്‍ തോ പഗാല്‍ ഹെ യിലെ ,ലെഗയി ലെഗയി എന്ന പാട്ട്.. ആ ഒരു പാട്ടും ആ ഫൈന്‍ ആര്‍ട്സ്  ഡേയും ഒരിക്കലും മറക്കില്ല.ഇന്നും സുഹൃത്തുക്കളൊക്കെ ആ പാട്ട് കേള്‍ക്കുമ്പോ എന്നെ ഓര്‍മ വരും എന്ന് പറയുന്നത് കേള്‍ക്കുമ്പോ ഒരു സന്തോഷമാണ്..

പിന്നീട് ഡിഗ്രിക്ക് പഠിച്ച കോളേജിലും പാട്ടുകളൊക്കെ പാടിയെങ്കിലും കല്യാണത്തോടെ പാട്ടൊക്കെ നിന്നു..ഇപ്പൊ ഞാന്‍ എനിക്ക് വേണ്ടി മാത്രെ പാടാറുള്ളൂ..എനിക്ക് സന്തോഷം വരുമ്പോഴും,ദുഃഖം വരുമ്പോഴും,തനിച്ചിരിക്കുമ്പോഴും ഒക്കെ പാട്ടുകള്‍ ആണ് എനിക്ക് കൂട്ട്..എനിക്ക് കേള്‍ക്കാന്‍ വേണ്ടിയെങ്കിലും പാടാന്‍ തോന്നുന്നത് അന്ന് ഉറുദു മാഷ്‌ ഉണ്ടാക്കി തന്ന ആ ഒരു ആത്മ വിശ്വാസം ആയിരിക്കാം.

അദ്ദേഹം ഇപ്പൊ മിക്കവാറും സ്കൂളില്‍ നിന്നും വിരമിച്ചിട്ടുണ്ടാവും..എങ്കിലും ഇന്നും ഞാന്‍ സ്നേഹത്തോടെ അദേദഹത്തെ സ്മരിക്കുന്നു.എന്നിലെ ഈ ചെറിയ ഗായികയെ കണ്ടെത്തി തന്ന അങ്ങേയ്ക്ക് എന്റെ ഒരുപാട് നന്ദിയും പ്രണാമങ്ങളും!!!

ബുധനാഴ്‌ച, നവംബർ 16, 2011

'പിസ്സ'...ഒരു നൊമ്പരം

ഓരോ ദിവസങ്ങളും ഓരോ രീതിയിലാണ്‌ തുടങ്ങുന്നത്..ചിലപ്പോള്‍ വളരെ മനോഹരമായിരിക്കും,മറ്റു ചിലപ്പോള്‍ ഓരോരോ വിഷമങ്ങളുണ്ടാവും..ഇതൊരു വിഷമം എന്ന് പറഞ്ഞു കൂടാ,എന്നാലും കുറച്ചു ദിവസങ്ങളായി ഒരു 'പിസ്സ' തിന്നാനുള്ള മോഹം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു....
ഇന്ന് കുറച്ചു  നേരം വെറുതെ പഴയ ഓരോ കാര്യങ്ങള്‍ ഓര്‍ത്തു.പിസ്സയും  ബര്‍ഗറും  ഒക്കെ തിന്നാന്‍ തോന്നിയാല്‍  അപ്പോ തന്നെ പോയി തിന്നുന്ന ഒരു കാലമുണ്ടായിരുന്നു.അന്നൊക്കെ വൈകുന്നേരത്തെ  ചായക്ക് ഇതൊക്കെയായിരുന്ന ഒരു സുവര്‍ണ കാലം.വീട്ടില്‍ നിന്നും കുറച്ചു ദൂരെ ഒരു ന്യൂ ടോപ്സ് എന്ന സ്നാക്ക്സ് കോര്‍ണര്‍ ഉണ്ട്.വൈകീട്ട് ബോറടിക്കുമ്പോ അനിയത്തിയെയും കൂട്ടി അവിടെ പോയി പിസ്സയും തിന്നാം മെഡിക്കോസ്  ചെക്കന്മാരെ വായി നോക്കേം ചെയ്യാം.നമ്മള്‍ 2 പേരും മെഡിക്കോസിന്റെ ഗമയിലാ  ഇരിക്കാറുന്ടായിരുന്നത് ..വല്ലവരും കണ്ടിട്ട് മെഡിക്കല്‍ സ്റ്റുടെന്‍സ് ആണെന്ന്  തെറ്റിധരികുന്നെങ്കില് ആവട്ടേന്നു കരുതി :) .അന്നത്തെ പ്രായം അങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നതായിരുന്നു.പോവുന്നത് അനിയത്തിയുടെ കൂടെ ആണെങ്കിലും ബില്‍ ഞാന്‍ തന്നെ കൊടുക്കണം.എന്റെ പോന്നനുജത്തി കയ്യിലെ പൈസ ഇറക്കാന്‍ അത്ര പിശുക്കി ആയിരുന്നു...ന്യൂ ടോപ്സില്‍ പോവാമെന്നു ചോദിച്ചാല്‍ വല്യ താല്പര്യം ഒന്നും കാണിക്കില്ല അവള്‍..ബില്‍ ഞാന്‍ കൊടുത്തോളാമെന്നു പറഞ്ഞാല്‍ റെഡി ആയിക്കോളും.എനിക്കാണെങ്കില്‍ കയ്യിലെ പൈസ തീര്‍ന്നാലും വേണ്ടീല മനസ്സിന് ഇഷ്ടമുള്ളത് തിന്നാല്‍ മതി.അവിടുന്നും പുറത്തേക്ക് ഇറങ്ങുമ്പോ മനസ്സും വയറും  അത്ര സന്തോഷത്തില്‍  ആയിരിക്കും.
ഏതായാലും ഈ പ്രവാസ ജീവിതത്തില്‍ നാട്ടില്‍ നിന്നും തിന്ന അത്ര പിസ്സ തിന്നിട്ടില്ല.ഇപ്പൊ കുറച്ചു ദിവസമായി പിസ്സയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു .എന്നാലും ഭര്‍ത്താവിനോട് വാ തുറന്നു  ചോദിക്കാനും മനസ്സ് വരുന്നില്ല.വേറെ ഒന്നും കൊണ്ടല്ല 'ഇല്ല' എന്നെങ്ങാനും പറഞ്ഞാല്‍ എന്റെ ഹൃദയം തകര്‍ന്നു പോവും...ചോദിക്കുന്നതെന്തിനും പെട്ടെന്ന് ഓക്കേ പറയുന്ന ആളല്ല അദ്ദേഹം..എന്നാലും ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും കാര്യങ്ങളൊക്കെ നടത്തിത്തരും.പിന്നെ ചോദിക്കുമ്പോ എങ്ങനാ ഒരു ലാര്‍ജ് പിസ്സയൊക്കെ ചോദിക്ക..സ്മോള്‍ പിസ്സ തിന്നാല്‍ എവിടെയും എത്തും ഇല്ല.ആകെ ഒരു ധര്‍മ  സങ്കടത്തിലാണ് ഞാന്‍ ഇപ്പൊ...
വല്ല കടയിലും കിടക്കുന്ന പിസ്സക്ക് എന്റെ പള്ളയിലെത്താനുള്ള  ഭാഗ്യം ഉണ്ടെങ്കില്‍ അങ്ങനെ വരുന്ന പിസ്സയെയും പ്രതീക്ഷിച്ചു  ഈ 4 ചുവരുകള്‍ക്കുള്ളില്‍,മനസ്സില്‍ പിസ്സ എന്ന നീറുന്ന നൊമ്പരവുമായി  കാത്തിരിക്കുകയാണ്‌ ഈയുള്ളവള്‍...

പേമാരി

മൂടിക്കെട്ടിയ കാര്‍മേഘങ്ങള്‍
പെയ്തൊഴിഞ്ഞെങ്കില്‍ ....
കോരിച്ചൊരിയുന്ന മഴയായ്,
അതെന്റെ ശിരസ്സിലൂടെ
ഒഴുകി ഇറങ്ങിയെങ്കില്‍...
അണകെട്ടി നിര്‍ത്തിയ
എന്‍ ദു:ഖങ്ങളും,
കണ്ണ് നീരും ആ പേമാരിയില്‍
അലിഞ്ഞു ചേര്‍ന്നിരുന്നെങ്കില്‍
വീണ്ടും ആ മൂടുപടം
അണിഞ്ഞു ചിരിക്കാമായിരുന്നു.
മറ്റാര്‍ക്കൊക്കെയോ
വേണ്ടിയെങ്കിലും.......

ചൊവ്വാഴ്ച, നവംബർ 15, 2011

പുതിയ ചിന്തകള്‍

ന്താ എല്ലാരും വിചാരിച്ചിരിക്കണേ ഞാന്‍ ഒരു ദുഃഖ പുത്രി ആണെന്നോ???അല്ലാ ട്ടോ.നിക്കും ണ്ട് ചിരിക്കണ ഒരു മുഖം.ന്തിനാ ഇപ്പൊ ഇങ്ങനെ സങ്കടപെട്ടോണ്ട് നടക്കണേ?എന്തെല്ലാം കാര്യങ്ങളുണ്ട് സന്തോഷിക്കാന്‍..ഈ അനിയത്തി കുട്ടീന്റെ കൂടെ ന്റെ ചേച്ചി ല്യേ,ന്നെ ഒരുപാട് സ്നേഹിക്കാന്‍ ന്റെ പ്രിയനില്ലേ, കൂടെ കൂട്ടോം കുടുംബോം 3  കുട്ട്യോളും ഒക്കെ ല്യേ..എന്തിനും കൂടെ നിക്കാന്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്ലേ,എല്ലാത്തിനും മേലെ എന്നും ദൈവമില്ലേ നിക്ക് കൂട്ടിന്‌..പിന്നെന്തിനാ കുട്ട്യേ  നീ ഇങ്ങനെ വെറുതെ വേഷമിക്കണേ? ഈ വേഷമിക്കലും സങ്കടപ്പെടലും ഒക്കെ അങ്ങട് മാറ്റിക്കോളൂ ട്ടോ..മാറ്റമില്ലാത്ത ചിലത് ഉള്ളിലുണ്ടെന്നറിയുമ്പോള്‍,മാറുന്നത് എളുപ്പവും അഭിലഷനീയവുമാണ് എന്ന് നമുക്ക് തന്നെ തോന്നും...സ്വയം പരാജയത്തിലേക്ക് നയിക്കുന്ന പഴയ രീതികളൊക്കെ ഒന്ന് മാറ്റി പുതിയ ഒരാളാവാന്‍ നോക്കട്ടെ.വല്ലതും നടക്കുവോ ആവോ??
            അഹംബോധം അഥവാ സ്വന്തം ചിന്തയെ കുറിച്ചുള്ള പരിചിന്തനം എന്ന കഴിവുള്ളത് കൊണ്ടാണ് മനുഷ്യന് മറ്റു വസ്തുക്കളുടെ മേല്‍ ആധിപത്യം നേടാന്‍ പറ്റുന്നതും തലമുറകള്‍ കഴിയുന്തോറും കൂടുതല്‍ പുരോഗതി നേടാനും സാധിക്കുന്നത്.എന്നാ പിന്നെ എന്ത് കൊണ്ട് എനിക്കായിക്കൂടാ?നമ്മുടെ വികാരങ്ങള്‍ അല്ല നമ്മള്‍,നമ്മുടെ മനോഭാവങ്ങള്‍ അല്ല നമ്മള്‍,നമ്മുടെ ചിന്തകള്‍ പോലുമല്ല നമ്മള്‍, ഇതെല്ലാം കൂടെ നമ്മിലേക്ക്‌ കൂട്ടികുഴക്കുമ്പോളാണ് ദുഃഖം എന്നത് ഒരു സ്ഥായീഭാവം ആവുന്നത്.എന്നെ എന്നില്‍ നിന്ന് അകറ്റി നിര്‍ത്തി ഞാന്‍ എന്നെത്തന്നെ കാണുന്ന രീതി (അതായത് സ്വന്തം നിദര്‍ശനത്തെ)അവലംബിച്ചാല്‍ ഒരു പരിധി വരെ മാറ്റങ്ങള്‍ക്കു വിധേയമാവാന്‍ കഴിയുമായിരിക്കും..മറ്റൊരാളുടെ പെരുമാറ്റം ഇനിയൊരിക്കലും എന്നെ നിയന്ത്രിക്കാന്‍ പോകുന്നില്ല എന്ന് എന്നെ പഠിപ്പിച്ചിരിക്കുന്നു ഞാന്‍..ഇപ്പൊ വെറും ഒരു തിയറി മാത്രെ പഠിച്ചുള്ളൂ.പ്രാവര്‍ത്തികമാക്കാന്‍ പറ്റുവോ ആവോ..പരിശ്രമിക്കെന്നെ..
           തന്റെ ചുറ്റും ഉള്ള ഓരോ ചെറിയ കാര്യത്തെ കുറിച്ചും ആലോചിച്ചു സന്തോഷിച്ചോളൂ കുട്ടീ..നിനക്ക് ചുറ്റും ചിത്ര ശലഭങ്ങളുണ്ട്‌,പച്ച വിരിച്ചു നില്‍ക്കുന്ന പ്രകൃതിയുണ്ട്‌ നീ ഏറെ ഇഷ്ടപെടുന്ന സംഗീതമുണ്ട്,നിന്നെ സ്നേഹിക്കാനും നിനക്ക് സ്നേഹിക്കാനും പ്രിയപെട്ടവരുണ്ട്‌ കൂടെ, ഓരോന്നും ആസ്വദിച്ചാല്‍ അതിലെല്ലാം സന്തോഷം കണ്ടെത്താം....ആരോടാ ഞാന്‍ ഈ പറയുന്നതൊക്കെ??ഈ എന്നോട് തന്നെയോ??ഇത്രയൊക്കെ ഉപദേശിച്ചിട്ടും നന്നാവ്വോ?ആര് കണ്ടു?അവസാനം "എന്താടോ വാര്യരെ ഞാനിങ്ങനെ" എന്ന് തന്നെ ചോദിക്കേണ്ടി വരോ ആവോ??നായീന്റെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും കണക്കെന്നെ എന്ന് പറഞ്ഞ പരുവത്തിലാവാഞ്ഞാല്‍ നന്ന്..എനിക്ക് തന്നെ നന്ന് എന്നാട്ടോ ഉദ്ദേശിച്ചേ...സന്തോഷത്തോടെ ചിന്തിക്കാനും അത് നില നിര്‍ത്താനും ദൈവം തമ്പുരാന്‍ തുണക്കട്ടെ...

ആത്മ ദുഃഖം

വീണ്ടും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്ന  ഒരു ദിവസം...എന്തിനു വേണ്ടിയാണ് ഈ ഹൃദയവേദന എന്ന് പലപ്പോഴും എനിക്ക് തന്നെ മനസിലാവാറില്ല.ചില ദിവസങ്ങളില്‍ ഉറക്കില്‍ നിന്ന് ഉണരുന്നത് തന്നെ അങ്ങനെ ഒരു വേദനയോടെ ആയിരിക്കും.ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ കെട്ടിപിണഞ്ഞു കിടക്കുന്ന ഒരു അവസ്ഥ...ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി ആശിക്കാരുണ്ട് എന്നല്ലാതെ വലിയ മോഹങ്ങളൊന്നും ഇല്ലാത്ത ഈ മനസ്സിന് ഇങ്ങനെ വേദനിക്കാന്‍ മാത്രം എന്ത് കാര്യമാണ് ഉള്ളത്?
ജീവിതം എപ്പോഴും ആഹ്ലാദ ഭരിതമല്ല.പലപ്പോഴും അത് നിരാശയും വേദനയും നല്‍കുന്നു.നമുക്ക് ചുറ്റുമുള്ള പലതും ആണ് ഒരു പരിധി വരെ നമ്മെ ദുഖിപ്പിക്കുന്നത്.ഒരു പക്ഷെ നമുക്ക് ചുറ്റുമുള്ള ആരുടെയെങ്ങിലും ഒരു ചെറിയ വാക്കോ പ്രവൃത്തിയോ  ആവാം.ചിലതൊക്കെ അത്ര മാത്രം ഗൌരവത്തില്‍ എടുക്കേണ്ട കാര്യമാല്ലയിരിക്കാം.തനിക്കു ചുറ്റുമുള്ള എന്ത് കാര്യത്തിനും അമിത പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാവാം ഒരു പക്ഷെ ഇങ്ങനെയുള്ള സംഘര്‍ഷങ്ങള്‍ മനസ്സിനുണ്ടാവുന്നത്.
"ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധങ്ങള്‍ ആത്മാവിന്റെ നിശബ്ദമായ അറകളില്‍ ദിനംപ്രതി നടന്നു കൊണ്ടിരിക്കുന്നവയാണ്" എന്ന  ഡേവിഡ്‌ ഓ.മക്കേയുടെ വാക്കുകള്‍ ഓര്‍ത്തുപോയി.ആ യുദ്ധങ്ങളില്‍ ജയിച്ചാല്‍ അന്ത:സന്ഘര്‍ഷമുണ്ടാക്കുന്ന പ്രശ്നങ്ങളെ പരിഹരിച്ചാല്‍ ഒരു സമദാന ബോധം മനസ്സിനുണ്ടാവും.
സ്വയം മാറി നിന്ന് മനസ്സിന്റെ പരിപാടികളെ പരിശോധികാനുള്ള പരിശീലനം നേടുക എന്നത് വളരെ പ്രധാനപെട്ട ഒന്നാണ്.മനസ്സിനെ ശാന്തമാക്കാനും അതിനു വിജ്ഞാനം പ്രദാനം ചെയ്യാനും ഇന്നേ വരെ ഒരൊറ്റ മാര്‍ഗം മാത്രമേ എന്നെ സഹായിച്ചിട്ടുള്ളൂ....അത് സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ വാക്കുകളടങ്ങിയ വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്.ഏതു അവസ്ഥയിലും എന്ത് വിഷമഘട്ടത്തിലും മനസ്സിനെ സന്തോഷിപ്പികാനും സമാധാനിപ്പിക്കാനും വേറേ ഒരാള്‍ക്കും ഒരു കാര്യത്തിനും  സാധിക്കില്ല എന്ന് ഒരുപാട് തവണ ബോധ്യപെട്ടിട്ടുണ്ട്.മനസ്സ് സന്ഗുചിതമാവുന്നത് ഇബിലീസിന്റെ പ്രവൃത്തിയാണ്‌ എന്ന വിശ്വാസത്തില്‍ അതിനെ വിജയിക്കാന്‍ ഈ സമയത്ത് വീണ്ടും ഞാന്‍ ആ വിശുദ്ധമായ ഗ്രന്ഥത്തിലേക്കു തന്നെ മടങ്ങുന്നു..സര്‍വ്വ ശക്തന്‍ എല്ലാവരെയും സഹായിക്കട്ടെ

മറവി

മറവി പലപ്പോഴും ഒരു അനുഗ്രഹമാണ്.പക്ഷേ എല്ലാം മറക്കാന്‍ കഴിയുന്നവര്‍ എത്ര പേരുണ്ട് നമ്മുടെ കൂട്ടത്തില്‍?ജീവിതത്തിലെ ചില നിമിഷങ്ങള്‍ അല്ലെങ്കില്‍  ചില ആളുകളുടെ വാക്കുകള്‍,പ്രിയപെട്ടവരുടെ  മരണങ്ങള്‍  അങ്ങനെയൊക്കെ ചിലത് എത്ര കാലങ്ങള്‍ കഴിഞ്ഞാലും   മറക്കാന്‍ ഒരുപാട് ബുദ്ധിമുട്ടാണ്....ഞാന്‍ ആറാം ക്ലാസ്സില്‍  പഠിക്കുമ്പോളാണ് ഉപ്പയുടെ മരണം...ആ ഒരു ദിവസം ഇന്നും അതെ തീവ്രതയില്‍ എന്‍റെ ഉള്ളില്‍ ഒരു നീറ്റലായി അനുഭവപ്പെടാറുണ്ട്.തറവാട്ടില്‍ നിന്നും ഉപ്പനെ അടക്കം ചെയ്യാന്‍ വേണ്ടി  കൊണ്ട്  പോവുമ്പോള്‍ മേലെയുള്ള റൂമില്‍ നിന്നും ജനലഴികള്‍ക്കിടയിലൂടെ കൈകള്‍ പുറത്തേക്കിട്ടു ഉപ്പനെ കൊണ്ടുപോവല്ലേ എന്നും പറഞ്ഞുകൊണ്ട് എന്‍റെ ഉള്ളിലുള്ള മുഴുവന്‍ ഒച്ചയും എടുത്തു ആര്‍ത്തു കരയുമ്പോ നെഞ്ചില്‍ ഉണ്ടായ ആ വേദന ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്..ഹൃദയം പറിച്ചു കൊണ്ട് പോവുന്ന വേദന എന്നൊക്കെ വാക്കുകള്‍ കൊണ്ട് പറയാം എന്നാലും അതൊന്നും ഒരിക്കലും ആ വേദനയുടെ പകുതി പോലും പ്രകടമാക്കാന്‍ ഉതകുന്നില്ല. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ നമ്മെ വിട്ടു പോയവരില്ലാത്ത ഒരു ലോകവുമായി ഏറെക്കുറെ നാം പോരുത്തപെട്ടു പോയിരിക്കും.എങ്കിലും ആ വേദന ഒരിക്കലും മാറില്ല..
പക്ഷേ ജീവിതത്തില്‍ നമ്മുടെ കൂടെയുള്ളവര്‍ മുഖം തിരിഞ്ഞു നടക്കുമ്പോ ആ ഒരു അവസ്ഥയുമായി പൊരുത്തപ്പെടാനും ആ വേദന മറച്ചു വെക്കാനും ഒരുപാട്  ബുദ്ധിമുട്ടാണ്.പടിയിറങ്ങി പോവുമ്പോള്‍ നാം വിട്ടേച്ചു പോവുന്നവരെ കുറിച്ച് ആരെങ്കിലും ആലോചിക്കാറുണ്ടോ?അതോ ഈ ലോകത്തില്‍ എല്ലാരും സ്വാര്തന്മാരാണോ? ബന്ധങ്ങള്‍ക്ക് എന്ത് വിലയാണ് ഇന്നത്തെ ലോകത്തില്‍ മനുഷ്യന്മാര്‍ കല്പ്പികുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുനില്ല..എന്തും ഏതും സ്വാര്തമായ താല്പര്യങ്ങള്‍ മാത്രം.എനിക്ക് വേണ്ടതെന്നു തോന്നുന്നതൊക്കെ ഞാന്‍ ചെയ്യുക അത് മതിയെന്ന് തോന്നുമ്പോ മറ്റെന്തിലെക്കെങ്കിലും തിരിയുക,അതില്‍ ആര്‍ക്കൊക്കെ എന്ത് ബുധിമുട്ടുണ്ടായാലും അതിനെപ്പറ്റിയൊന്നും ആരും ചിന്തികുന്നില്ല .ഇതൊക്കെ ആര്‍ക്കും എപ്പോഴും എങ്ങനെയും ആവാം.ചെയ്യുന്ന പ്രവര്തികള്ക്കോക്കെ ന്യായീകരണം പറയാന്‍ ഏതൊരു മനുഷ്യനും  കഴിവുണ്ട്.ഞാന്‍ ചെയ്യുന്നതൊക്കെ ശരി എന്ന് ഓരോരുത്തര്‍ക്കും തോന്നുന്നു.എന്‍റെ പ്രവൃത്തികള്‍ മറ്റുള്ളവന് വിഷമമുണ്ടാകുന്നതാവരുതെന്നു നമ്മില്‍ എത്ര പേര്‍ ആഗ്രഹിക്കുന്നുണ്ട്?ഇനി ആഗ്രഹിച്ചാലും ആ പ്രവൃത്തികളെ നിയന്ത്രിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്കു കഴിയും?ആരും ആരെകുറിച്ചും ആലോചികുന്നില്ല.ഒരു പരിധി വരെയെങ്കിലും  സ്വാര്‍ത്ഥത മാത്രം.ആരുടെയും പ്രവൃത്തി കൊണ്ടോ വാക്ക് കൊണ്ടോ നമുക്ക് പ്രിയപ്പെട്ടവരുടെ വേര്‍പ്പാട് കൊണ്ടോ  നമ്മുടെ മനസ്സിനെല്‍ക്കുന്ന  ഓരോ മുറിവും മറക്കാന്‍ ദൈവം എല്ലാവരെയും സഹായിക്കട്ടെ... 

പാത്തുംമയ്ത്താത്ത

അന്നൊക്കെ വേനലവധിക്ക് സ്കൂള്‍ അടച്ചാല്‍ ഉമ്മയുടെ സഹോദരിമാരുടെ വീട്ടില്‍ പാര്‍ക്കാന്‍ പോവുമായിരുന്നു..നമ്മള്‍ കസിന്‍സ്  ഒരു പത്തു പന്ത്രണ്ടു പേരുണ്ട് സമപ്രായക്കാരായി.എല്ലാരും കൂടെ ഒരു സ്ഥലത്ത് ഒത്തു കൂടും.ആറാം ക്ലാസ്സ്‌ കഴിഞ്ഞ അവധിക്കാണെന്നു തോന്നുന്നു,നടുവട്ടത്തുള്ള  മൂത്തമ്മന്റെ വീട്ടിലായിരുന്നു .രാവിലെ എണീറ്റാല്‍ രാത്രി ഉറങ്ങുന്നതിനിടയില്‍ കളിക്കാത്ത കളികളുണ്ടാവില്ല..പുതിയ ഓരോ കളികളും ഉണ്ടാക്കും.ചുരുങ്ങിയത് ഒരു 4 ദിവസമെങ്ങിലും എല്ലാവരും ഉണ്ടാവും.ആ പ്രാവശ്യം എല്ലാരും പിരിഞ്ഞെങ്കിലും ഞാന്‍ 2 ദിവസം കൂടെ നിന്നു.ഇത്രയും ദിവസം എല്ലാവരും ഉണ്ടായിട്ടു പെട്ടെന്ന് ആരും ഇല്യണ്ടാവുമ്പോ ഒരു പെരുംമഴ പെയ്തു തോര്‍ന്ന പോലെയാണ്.ആ മൂത്തമ്മന്റെ വീട്ടിലും 2 പേര്‍. സമദും ലൈലയും.സമദ് എന്നെക്കാളും 2ഓ 3ഓ  വയസ്സ് മൂത്തതാണ്.
(എന്നാലും ഇക്കാക്ക എന്ന് വിളിക്കാത്തതില്‍ അവനിത്തിരി പരിഭവം ഇപ്പളും ഉണ്ടെന്നു തോന്നുന്നു) ഇക്കാക്ക എന്നുള്ള ബഹുമാനം മനസ്സിലുണ്ട് അത് മതി തല്‍കാലം.പിന്നെ ലൈലയും ഞാനും ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളു. എല്ലാവരും പോയിക്കഴിഞ്ഞ് ഞാനും ലൈലയും നിലാവത്തിറങ്ങിയ കോഴികളെ പോലെ മുറ്റത്ത്‌ നടക്കുകയായിരുന്നു.അപ്പോളാണ് മൂത്തമ്മന്റെ വിളി.."കുട്ട്യാളെ..ഇങ്ങള് 2 ആളും  കൂടി ഒന്ന് ആ പാത്തുംമയ്താതനെ പോയി വിളിച്ചു കൊണ്ടോരീ..തുണി മുയുവനും തിരുംബാന്‍ കിടക്കുന്നു".എങ്ങോട്ടെങ്ങിലും പോവാന്‍ പറയേണ്ട താമസം എപ്പം റെഡി ആയീന്നു നോക്കിയാല്‍ മതി.
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാനും ലൈലയും കൂടെ പാത്തെയ്താതന്റെ വീട്ടിലേക്ക്  പുറപ്പെട്ടു.ഒരുപാട് ദൂരം നടക്കാനുണ്ട് അവരുടെ വീട്ടിലേക്ക്..കടലിന്‍റെ അടുത്തായിട്ടാണ്  അവരുടെ വീട്.
ഞങ്ങള്‍ അവടെ എത്തിയ പാടെ എന്‍റെ മൂക്കിലേക്ക് അടുപ്പതിരിന്നു എന്തോ ഒന്ന് വേവുന്ന മണം ഓടിക്കയറി.വായില്‍  വെള്ളം വന്നെങ്കിലും ചോദിയ്ക്കാന്‍ വയ്യല്ലോ ഇതെന്താ എന്ന്..അതുകൊണ്ട് തല്‍കാലം സഹിച്ചു..ലൈലയോട് സ്വകാര്യത്തില്‍ പറഞ്ഞു,അഥവാ എന്തെങ്കിലും തിന്നാന്‍ തക്കേരിക്കാണെങ്കില്‍ നീ ചാടിക്കേറി ഫോര്മാലിടി ഒന്നും കാണിക്കണ്ട ഞാന്‍ മാനേജ് ചെയ്തോളാം എന്ന്.അവിടെ ഇരിക്കുന്ന നേരം മുഴുവനും ആ അടുപ്പത്തു കിടന്നു തിളക്കുന്നത് എന്താ റബ്ബേ എന്ന ഒരൊറ്റ ചിന്ത മാത്രെ ഉണ്ടായിരുന്നുള്ളു.അവരോടു നല്ല കുറ്റിച്ചിറ സ്റ്റൈലില്‍ വിശേഷങ്ങളൊക്കെ ചോദിച്ചു മൂത്തമ്മ പറയാന്‍ ഏല്‍പിച്ച കാര്യങ്ങളും പറഞ്ഞു ഞങ്ങള്‍ മെല്ലെ പോവാനുള്ള ഭാവത്തില്‍ എണീറ്റു.എണീക്കുമ്പോ  ന്റെ മനസ്സില്‍ ഉണ്ടായത്..ബല്ലാത്തൊരു പാതെയ്ത്താതാ..ഒന്ന് തിന്നാന്‍ ബരേ തക്കെരിക്കിനില്യാലോ..നമ്മളെ മനസ്സിലിരിപ്പ് അവര്‍ക്ക് തിരിഞ്ഞോ ആവോ....ഞങ്ങള്‍ പോവാന്‍ ഭാവിക്കുമ്പോഴേക്കും അവര്‍ പറഞ്ഞു,..അല്ലാഹ് അതെങ്ങനാ ഇത്രയും ദൂരം നടന്നു വന്നിട്ട് ഒന്നും തിന്നും കുടിക്കും ചെയ്യാണ്ടേ പോവല്..കുറച്ചു പൂള പുഴുങ്ങിയത് ഉണ്ട് അത് തിന്നിട്ടു പോവാം എന്ന്..അതുവരെ വായില്‍ ഊറിക്കിടന്ന വെള്ളം മുഴുവന്‍ ഒറ്റ അടിക്കു ഇറക്കി മറുപടി പറഞ്ഞു..തിന്നാനൊന്നും വേണ്ട പാത്തുംമൈതാതാ അമ്മള് പോട്ടെ..അപ്പൊ അവര്‍ വീണ്ടും പറഞ്ഞു പൂള പുഴുങ്ങിയതും ഞണ്ട് മോളിയാരും ആണ് തിന്നിട്റ്റ് പൊയ്ക്കോളീന്നു.ഞാന്‍ അതുവരെ തിന്നാത്ത ഒരു സാധനാണ് ഈ ഞണ്ട്.കുറെ കാലായി തിന്നാന്‍ പൂതി വെക്കുന്നതും.ആ വീട്ടില്‍ മുഴുവന്‍ ഞണ്ട് മോളിയരിന്റെ മണമായിരുന്നു..എല്ലാം കൂടെ ന്റെ കണ്ട്രോള്‍ പോയി. അവര്‍ അതിനു മാത്രം ഒന്ന് തക്കെരിചില്ലെങ്കിലും ഞാന്‍ പറഞ്ഞു ഇങ്ങള്‍ ഇങ്ങനെ പറയുമ്പോ എങ്ങനാ പോവാ...ഇങ്ങളെ ഒരു സന്തോഷത്തിനു ഒരു ലേശം എടുത്തോളീ..
അങ്ങനെ ഞാനും ലൈലയും കൂടി പൂളയും ഞണ്ട് മോളിയാറും തിന്നാന്‍ ഇരുന്നു..ജീവിതത്തില്‍ ആദ്യായിട്ട് തിന്നാണ്‌ ഈ സാധനം..പെരുത്ത്‌ ഇഷ്ടായി..അതോണ്ട് തന്നെ തിന്നാന്‍ തുടങ്ങിയപ്പോ  വേറേ ഒന്നും ഓര്മണ്ടായീല...നമ്മളെ 2 ആളെയും തിന്നല്‍ കണ്ടിട്ടായിരിക്കണം അവര്‍ പിന്നേം പിന്നേം ഇട്ടു തരുന്നുണ്ടായിരുന്നു.സ്വന്തം വയറിനെയും ആ ഭക്ഷണം അവര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന സത്യത്തെയും മറന്നു ആ പൂളയും ഞണ്ടും ഇത്തിരി മാത്രം ബാക്കി വെച്ച് ഞങ്ങള്‍ 2 ആളും കൂടി എഴുന്നേറ്റു.വീട്ടില്‍ നിന്നും ഇറങ്ങീട്ടു നേരം കുറെ ആയി.തിരിച്ചു വേഗം എത്താന്‍ വേണ്ടി അവരോടു യാത്രയും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി ഓടി.
പിന്നീട് ഇടക്കൊക്കെ ഞാന്‍ ആലോചിക്കാറുണ്ട് അവരത് മോന്‍ പണി കഴിഞ്ഞു  വരുമ്പോ കൊടുക്കാന്‍ വേണ്ടി ഉണ്ടാക്കി വെച്ചതല്ലേ....പാവം അന്ന് ആ മോന്‍ വന്നപ്പോ അവരെന്തു കൊടുത്തോ ആവോ??അതില്‍ വല്ലതും ബാക്കി ഉണ്ടായിരുന്നോ എന്ന് പോലും ഞങ്ങള്‍ക്കറിയില്ല.അന്നത്തെ ദിവസം അവര്‍ പട്ടിണി ആയെങ്കില്‍ അള്ളാഹു പൊറുത്തു തരട്ടെ.പക്ഷേ ആദ്യമായി ഞണ്ടിന്റെ രുചി അറിയിച്ചു തന്ന ആ പാതുംമയ്ത്താത്തനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു..ആ ഞണ്ടിന്റെ രുചിയും ഇന്നും ഓര്‍മ്മിക്കുന്നു.ഇപ്പോഴും ഈ കുവൈറ്റില്‍ പോലും ഞണ്ട് മോളിയാര്‍ ഇടക്കൊന്നു കൂട്ടിയില്ലെങ്കില്‍ ഒരു രാഹത്ത് ആവൂല.ഇനി അടുത്ത പ്രാവശ്യം മീന്‍ മാര്‍ക്കറ്റില്‍ പോവുമ്പോ ഞണ്ട് വാങ്ങി മോളിയാരാക്കാം എന്ന സമാധാനത്തിലാണ്.അത് വരെ ഞണ്ടിനെ ആലോചിച്ചു വെള്ളമിറക്കാം..

തിങ്കളാഴ്‌ച, നവംബർ 14, 2011

എഴുത്ത് എന്ന ഭ്രാന്ത്

മനസ്സിലെ വികാര വിചാരങ്ങള്‍  നിമിഷങ്ങല്കുള്ളിലാണ് മാറി മറിയുന്നത്.കുറെ നേരം കൊണ്ട് എഴുതാന്‍ വേണ്ടി മനസ്സ് ശരിക്കും ധൃതി കൂട്ടുകയായിരുന്നു..എങ്ങനെയും നേരം ഉണ്ടാക്കി എഴുതാനിരുന്നപ്പോള്‍ അക്ഷരങ്ങളൊക്കെ എവിടെയോ ഓടി അകന്ന പോലെ...വെറും ശൂന്യത മാത്രം..തെല്ല് നേരത്തെക്കൊന്നു ഭയപെട്ടു..എന്താ ഈ സംഭവിച്ചേ?മനസ്സിലെ ആധി കാരണമായിരിക്കാം..ആധി മറ്റൊന്നും അല്ല ജോലികള്‍ ഒരുപാട് ബാക്കി കിടക്കുന്നു.എന്നാലും ഈ അക്ഷരങ്ങള്‍ ഇങ്ങനെ ഓടി ഒളിക്കുമോ??എഴുതാനെടുത്ത പേന ബുക്കില്‍ വെച്ച് കുറച്ചു നേരം ഇരുന്നു..ആ എഴുത്ത് എങ്ങുമെത്താതെ ഇരുന്നപ്പോ എഴുത്തിന്റെ ലോകത്തെ കൂട്ടുകാരനെ ഓര്‍ത്തു. ലോഗിന്‍ ചെയ്ത ഉടനെ അവനെ തന്നെയാ ആദ്യം കണ്ടത്..കണ്ട ഉടനെ ഞാന്‍ പറഞ്ഞു മനു..എനിക്കെന്തോ എഴുതാന്‍ വിചാരിച്ചതൊന്നും വരുന്നില്ലാലോ...അവന്‍ ഒരു ഡോക്ടര്‍ കൂടി ആയത്  കൊണ്ടാണോ എഴുത്ത് വരുന്നില്ല എന്നുള്ള രോഗം അവനോടു പറയാന്‍ തോന്നിയത്?അല്ല..അടുത്ത കൂട്ടുകാരായ മറ്റു 3 പേരും അന്നേരം ഉണ്ടായിരുന്നില്ല. ..അവരെയൊന്നും കാണാനില്ലാലോ..വേറെ ആരോടെങ്ങിലും ഞാന്‍ ഇത് പറഞ്ഞാല്‍ ഇവള്‍ക്ക് ശരിക്കും ഭ്രാന്ത് തന്നെ എന്നെ പറയൂ.അത് കൊണ്ട് മനുനോട് തന്നെ പറഞ്ഞു.കേട്ട ഉടനെ അവന്‍ പറഞ്ഞു.."സാഗരമേ ശാന്തമാക നീ"..എന്ത് ചോദിച്ചാലും അവന്റെ മറുപടി കവിതകളും ചിന്തകളെ തൊട്ടുണര്‍ത്തുന്ന വരികളുമാണ്...
സമ്മിശ്ര വികാരങ്ങള്‍ മനസ്സിനെ കലുങ്കഷമാക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോകുന്ന ചില നിമിഷങ്ങള്‍ ഉണ്ടാവാറുണ്ട്..ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ.പക്ഷെ ഒരു വീട്ടമ്മയെ സംബന്ധിച്ചിടത്തോളം ഈ ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ എന്നത് അന്യമാണ്...ഒന്നും ചെയ്യാണ്ടെ ഇരിക്കാന്‍ പറ്റിയ ഒരു നേരം വളരെ വിരളം.
സമയമില്ലെനിക്കൊരിക്കലും
സമയമില്ലെനിക്കേതിനും
സമയമായി ചെയ്തു തീര്‍ക്കുവാന്‍
ജോലികള്‍ ഓരോന്നും
എന്ന് ഇടക്ക് ഒരു ആത്മഗതം ഉണ്ടാവാറുണ്ട്..വല്ലപ്പോഴും ഒക്കെ എഴുതിയത് കാണുമ്പോ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട് ഇതിനൊക്കെ നിനക്ക് നേരം ഉണ്ടല്ലോ..പിന്നെ എന്താ എപ്പോഴും നേരല്യ നേരല്യാ എന്ന് പറഞ്ഞോണ്ടിരിക്കുന്നത്?ന്യായമായ ചോദ്യം..സമയം ഇല്ലാഞ്ഞിട്ടാണോ??അതോ ഉള്ള സമയത്തെ വിനിയോഗിക്കാഞ്ഞിട്ടോ..ഓരോ ദിവസവും എങ്ങനെ കഴിഞ്ഞു പോയി എന്ന് രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഒരു വിശകലനം നടത്താറുണ്ട്.അപ്പോളൊക്കെ തോന്നും ഇന്ന് ഇത്രയൊക്കെ കാര്യങ്ങളും കൂടെ ചെയ്തു തീര്‍ക്കായിരുന്നല്ലോന്നു..കഴിഞ്ഞു പോയ ഓരോ നിമിഷങ്ങളും വിശകലനം ചെയ്യുമ്പോളാണല്ലോ ഇതിലും നന്നായി എങ്ങനെ ചെയ്യാമായിരുന്നൂന്നും ഇങ്ങനെയൊന്നും ചെയ്യേണ്ടിയിരുന്നില്ലാന്നും ഒക്കെ തോന്നുന്നത്.അത് പോലെ തന്നെയാണ് എഴുത്തും.ശരിക്കും പറഞ്ഞാല്‍ ആരൊക്കെയോ പറയുന്ന പോലെ എഴുത്ത് ഒരു ഭ്രാന്താണ്..എന്തൊക്കെയോ ചില ചിന്തകള്‍ വിരലിലൂടെ ഊര്‍ന്നിറങ്ങി താളുകളില്‍ വാക്കുകളും വരികളും ആവുമ്പോള്‍ ചിലര്‍ പറയും നിനക്കെന്തിന്റെ പ്രാന്താ കുട്ടീന്ന്..മറ്റു ചില ആളുകള്‍ പറയുന്നു നന്നാവുന്നുണ്ട് ട്ടോ..ഇനിയും നന്നാക്കാന്‍ ശ്രമിച്ചോളൂന്ന്..ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടെന്താ ഞാന്‍ ഈ എഴുതുന്നതൊക്കെ എന്റെ ഒരു സമാധാനത്തിന്‌ന്നോ ന്റെ ഓരോ പ്രാന്തിന് ന്നോ എന്തും പറയാം..അത് മനസ്സിലാക്കാന്‍ കുറച്ചു നല്ല സുഹൃത്തുക്കളെയെങ്കിലും തന്ന ദൈവത്തിനു നന്ദി..
അകാലത്തില്‍ പൊലിഞ്ഞു പോയ ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്.. നന്നായി കവിത എഴുതുന്ന ഒരു സുഹൃത്ത്‌.അവന്‍ പറയുന്ന പോലെ എഴുത്തില്‍ ഇടക്ക് ഒരു the  symptom  of not coming  വരും.അതിനെ അങ്ങനെ വെറുതെ വിടുക..മനുനെ പോലെയോ ശാനുനെ പോലെയോ ഷമീറിനെ പോലെയോ ചേച്ചീനെ പോലെയോ ഒന്നും എഴുതാന്‍ അറിയില്ലെങ്കിലും എന്റെ ഒരു സമാധാനത്തിനുള്ള വക കുത്തി വരച്ചിടാനുള്ളത് ഇത് വരെ കിട്ടിയിട്ടുണ്ട്.ഇനി അങ്ങോട്ടും വാക്കുകള്‍ക്കും വരികള്‍ക്കും ക്ഷാമം ഇല്ലാണ്ടിരിക്കട്ടെ..എഴുത്തെന്ന ഈ ഭ്രാന്തിനും ഉണ്ട് ഒരു സുഖം.ഇങ്ങനെയുള്ള ചില സുഖങ്ങള്‍ നില നില്‍ക്കുന്നതും ഒരു സുഖം.

ശനിയാഴ്‌ച, നവംബർ 12, 2011

ഏകാന്തത

ആരെയും കാണാതെയും കേള്‍ക്കാതെയും ഒരുപാട് നേരം തനിച്ച്  ഇരിക്കുവാന്‍ കഴിഞ്ഞെങ്കില്‍.... ആര്‍ത്തലച്ചു വന്നണയുന്ന സാഗര തിരകള്‍ക്കു മുന്‍പില്‍,ഇരുണ്ട കാര്‍മേഘങ്ങള്‍ തണല്‍ വിരിച്ച
ആകാശത്തിനു കീഴെ,അതുമല്ലെങ്കില്‍ കോരി ചൊരിഞ്ഞു പെയ്ത മഴ തോര്‍ന്ന ഉടനെ...നിശബ്ദമായ പ്രകൃതിക്ക് മുന്നില്‍ ഇത്തിരി നേരം ചിലവഴിക്കാന്‍ വല്ലാതെ കൊതിയാവും ചിലപ്പോള്‍..ഒരു ദിവസം എനിക്ക് മാത്രമായി വേണമെന്ന സ്വാര്‍ത്ഥ ചിന്തയാവാം അത്..വെറുതെ എനിക്ക് വേണ്ടി എന്നെ ഒന്ന് ഫ്രീ ആക്കി വെക്കാന്‍ ഒരു തോന്നല്‍.
                                പക്ഷെ ഏകാന്തത ലഭിക്കാന്‍ ഇങ്ങനെ ഒരു സിറ്റുവേഷന്‍ തന്നെ വേണമെന്നില്ല...ആള്‍ക്കൂട്ടത്തിനിടയിലും മനസ്സിനെ സ്വച്ഛമായി വെക്കാന്‍ കഴിഞ്ഞാല്‍ അവ്ടെയും ലഭിക്കുന്നു ഏകാന്തത.ആള്‍ക്കൂട്ടത്തിനിടയിലും എന്റെ മനസ്സ് പലപ്പോഴും തനിച്ചാണ്.നമ്മള്‍ എല്ലാറ്റിന്റെയും ഭാഗമായിരിക്കുമ്പോള്‍ എല്ലാവരും നമ്മുടെതായിരിക്കുമ്പോള്‍ തന്നെ അതില്‍ നിന്നെല്ലാം നാം വേറിട്ട്‌ നില്‍ക്കുന്ന ഒരു അവസ്ഥ.അങ്ങനെയുള്ളതും ഒരു സുഖകരമായ അനുഭവം തന്നെയാണ്. കൂട്ട് കൂടാനും കൂട്ടുകാരോന്നിച്ചു പുറത്തു പോവ്നും ഒക്കെ ഒരുപാട് ഇഷ്ടമുള്ള എനിക്ക് ചില നേരങ്ങളില്‍ ശരിക്കും തനിചിരിക്കാനും തോന്നുന്നത് എന്താണെന്നറിയില്ല..സ്കൂളിലെ ഉച്ചയൂണിനുള്ള ഒരു മണിക്കൂര്‍ ഇടവേളകളില്‍ പലപ്പോഴും ഞാന്‍ വരാന്തയിലെ തിണ്ണയില്‍ തനിച്ച്ചിരിക്കുമായിരുന്നു....അന്ന് തൊട്ടായിരിക്കം ഒരു പക്ഷെ ഏകാന്തതയെ സ്നേഹിച്ചു തുടങ്ങിയത്...
                                  ഈ എകാന്തതക്ക്‌ പോലും പല മുഖങ്ങള്‍ ഉണ്ടോ?അതെ...അതുകൊണ്ട് തന്നെയാണ് ചില നേരം ഏകാന്തത ഇഷ്ടപ്പെടുന്നതും മറ്റു ചില നേരങ്ങളില്‍ തിരക്കൊഴിയരുതെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതും..നമ്മള്‍ ആഗ്രഹിക്കാതെ ഏകാന്തത കടന്നു വരുന്ന ചില നിമിഷങ്ങള്‍ ഉണ്ട്.അത് ഒരു പക്ഷെ അതിനെ ഭയപ്പെടുന്ന ഒരു നേരത്തായിരിക്കാം...എന്റെ ബാല്യവും കൌമാരവും യൌവനവും എല്ലാം ഏകാന്തതയെ സ്നേഹിച്ചിരുന്നു.ഇനി എന്റെ വാര്‍ധക്യം അതേ ഏകാന്തതയെ സ്നേഹിക്കുമോ?അതോ ഞാന്‍ ഇപ്പോഴേ അതിനെ ഭയപ്പെടുന്നുവോ???
                                   ഇന്ന് ആദ്യമായി,ഉമ്മ തനിച്ചായപ്പോള്‍ അതെന്നെ അങ്ങനെ ചിന്തിക്കാനും പ്രേരിപ്പിക്കുന്നു.ആദ്യമായാണ് നമ്മള്‍ മക്കളാരും അടുത്തില്ലാതെ ഉമ്മ തനിച്ചാവുന്നത്.എന്റെ നിസ്സഹായത എന്നെ ഉമ്മാക്ക് കൂട്ടിരിക്കാനും സമ്മതിക്കുന്നില്ല..മനസ്സ് കൊണ്ട് മുഴുവനായും ഉമ്മാന്റെ കൂടെ തന്നെയാണ്.,പിന്നീട് ചിന്തിക്കുമ്പോള്‍ തിരിച്ചു പിറകിലേക്ക് വരാന്‍ ഒക്കില്ലെന്നും അതുകൊണ്ട്  ഒരു 6 മാസമെങ്കിലും കൂടെ പോയി നിന്നോ എന്നും ഭര്‍ത്താവ്  ഉപദേശിക്കുന്നു..പക്ഷെ ഏതു ചങ്ങലകളാണ് എന്നെ ബന്ധിച്ചിരിക്കുന്നത്??ഈ 6 മാസം കുട്ടികളെ സ്കൂള്‍ എന്താക്കും എന്ന ചിന്തയോ..അതോ എന്റെ ബിസിനസ്‌ ആര് നോക്കുമെന്ന ചിന്തയോ..അതോ ഇനി മറ്റെന്തെങ്കിലും സ്വാര്‍ത്ഥ ചിന്തകളോ???എനിക്കറിയില്ല..ഉമ്മ നേരിടുന്ന ആ ഏകാന്തതയുടെ വികൃത മുഖം എന്നെ വല്ലാതെ വേട്ടയാടുന്നു..ഞാന്‍ പലപ്പോഴും ഇഷ്ടപ്പെടുന്ന അതേ ഏകാന്തത തന്നെയാണോ ഇവിടെ എന്നെ ആശയകുഴപ്പത്തിലാക്കുന്നത്???ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മനസ്സില്‍ കൂരമ്പുകളായി തറക്കുമ്പോഴും,ഞാന്‍.... ഒന്ന് തനിച്ചിരിക്കാന്‍ തന്നെയാണ് ആഗ്രഹിക്കുന്നതും.....