ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ആദ്യമായി എന്‍റെ പാട്ടിനൊരു സമ്മാനം കിട്ടുന്നത്. അന്നൊരു സ്വാതന്ത്ര്യ ദിനമായിരുന്നു."ഇന്ത്യ എന്‍റെ രാജ്യം...,എന്‍റെ മാതൃ രാജ്യം,..ഇന്ത്യ എന്‍റെ ജീവനേക്കാള്‍ ജീവനായ രാജ്യം....എന്നതായിരുന്നു അതിന്റെ തുടക്കം..ചെമ്മനം ചാക്കോയുടെ ഒരു ചെറിയ കവിത... എനിക്കതിനു ഒന്നാം സമ്മാനം കിട്ടി..പക്ഷെ സമ്മാനത്തിന്റെ പ്രാധാന്യം ഒന്നും അന്ന് അറിഞ്ഞിരുന്നില്ല...ഒരു ചുവന്ന പ്ലാസ്റ്റിക് കൂട ആയിരുന്നു സമ്മാനം.അന്ന് തന്നെ മറ്റൊരു സമ്മാനം കൂടെ ഉണ്ടായിരുന്നു.ക്ലാസ്സില്‍ ഒന്നാം റാങ്കുകാരി ആയതിനുള്ള സമ്മാനം..അതൊരു സ്റ്റീല്‍ പ്ലേയ്ട്ടും..25 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും അത് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നു.
ഞങ്ങളുടെ വീട് നിര്‍മ്മിക്കുന്നതിനാല്‍ തറവാട്ടിലായിരുന്നു ആ ഒരു വര്‍ഷം ഞങ്ങള്‍ താമസിച്ചിരുന്നത്.വേനലവധിയോടെ വീട് പണി പൂര്‍ത്തിയായി..അങ്ങനെ ആ വര്‍ഷം ഏപ്രില്‍ 11 നു ഞങ്ങള്‍ തികച്ചും അപരിചിതമായ ഒരു സ്ഥലത്തേക്ക് താമസം മാറി..കോഴിക്കോട് മെഡിക്കല്‍ കോളെജിനടുത്തുള്ള മായനാട് എന്ന സ്ഥലം.അങ്ങനെ എന്‍റെ രണ്ടാം ക്ലാസ് പഠനം അവിടെ ആരംഭിച്ചു.ആദ്യത്തെ ഒന്ന് രണ്ടു വര്‍ഷം സാഹിത്യ സമാജങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നല്ലാതെ യുവജനോത്സവങ്ങളില്‍ പങ്കെടുക്കനോന്നും വീട്ടില്‍ നിന്നും സമ്മതം ഉണ്ടായിരുന്നില്ല..സ്കൂളിലെ ഉറുദു മാഷിനായിരുന്നു കുട്ടികളെ മാപ്പിള പാട്ടും അറബിപ്പാട്ടും ഒക്കെ പഠിപ്പിക്കാനുള്ള ചുമതല.
അങ്ങനെ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അറബി പദ്യം ചൊല്ലല്‍ മത്സരത്തിനു പങ്കെടുക്കാന്‍ അധ്യാപകരൊക്കെ നിര്‍ബന്ധിച്ചു..ഉറുദു മാഷെ(അദ്ദേഹത്തെ എല്ലാരും അങ്ങനെയാണ് വിളിക്കാറ്,സത്യത്തില്‍ ഇന്നും എനിക്ക് അവരെ പേരറിയില്ല) നിര്‍ബന്ധത്തിനു വഴങ്ങി എന്‍റെ വീട്ടുകാര്‍ സമ്മതം മൂളി.എന്‍റെ ഉമ്മയും ഉപ്പയും ഒക്കെ അത്യാവശ്യം പാട്ട് പാടുന്നവരാണ്..അന്ന് ഉമ്മ തന്നെ എനിക്ക് വേണ്ടി ഒരു അറബി പദ്യം എഴുതി തന്നു..അത് വരെ പാടിയപ്പോളൊന്നും ഒരു സഭാ കമ്പം ഉണ്ടായിരുന്നില്ല.കാരണം സദസ്സിലുണ്ടായിരുന്നവരെല്ലാം എന്നെ അറിയുന്നവരും എനിക്ക് അറിയാവുന്നവരും മാത്രം..
പോരാത്തതിന് ഞാന്‍ ഇതൊന്നും വല്യ കാര്യമായി എടുത്തിരുന്നില്ല പക്ഷെ ഇത് ഉപജില്ലാ കലോത്സവം ആണ്.അത് എന്താണെന്നോ എങ്ങനെയാണെന്നോ ഒരു തരത്തിലുള്ള മുന്‍വിധിയും എനിക്കുണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ അധ്യാപകരുടെ കൂടെ പോകുമ്പോള്‍ ഒരു പിക്നിക് എന്നതിലുപരി മറ്റൊന്നും തോന്നിയിരുന്നില്ല.
അറബി പദ്യത്തിനുള്ള വേദി എസ്.കെ.പൊറ്റക്കാട് വായനശാല ആയിരുന്നു.അവിടെ എത്തിയപ്പോ തന്നെ കാര്യങ്ങളുടെ ഒരു കിടപ്പ് ഏകദേശം പിടി കിട്ടി.അവിടുത്തെ ഒരു ആള്‍ക്കൂട്ടവും മറ്റും കണ്ടപ്പോ എനിക്കാകെ ബേജാറാവാന്‍ തുടങ്ങി..ന്താ പ്പം ചെയ്യ ന്‍റെ റബ്ബേ...ന്‍റെ ഉള്ളിലെ ബേജാറ് മാഷോട് പറഞ്ഞു."മാഷെ,ന്നെ ക്കൊണ്ട് പറ്റുംന്നു തോന്നണ്‌ല്യ ട്ടോ"...പിന്നെ,നിനക്ക് പറ്റാണ്ടെ..ധൈര്യമായി പാടിക്കോ ഒരു കുഴപ്പവുംല്യാന്നു മാഷ് മറുപടി പറഞ്ഞു.എനിക്കപ്പോ ഉമ്മനെയും ഉപ്പനെയും കാണാനും ഒന്ന് കരയാനും ഒക്കെ തോന്നി...നാലാം ക്ലാസ്സില്‍ പഠിക്കണ ഒരു ചെറിയ കുട്ടിയല്ലേ..കരഞ്ഞില്ലെന്കിലെ അത്ബുധമുള്ളൂ..ഇനി ഇപ്പൊ എന്ത് പറഞ്ഞിട്ടും കാര്യംല്യ..പാടെന്നെ.
അങ്ങനെ എന്‍റെ ഊഴം വന്നു.."ചെസ്റ്റ് നമ്പര്‍ പതിനാല്"..ആ അനൌന്‍സ്മെന്റ് ന്‍റെ ചെവിയില്‍ ഒരു പേടിപ്പെടുത്തുന്ന ശബ്ദമായി വന്നലച്ചു.അല്ലാഹുവേ..സ്റ്റേജിലേക്ക് കയറി നടക്കാന്‍ പറ്റുന്നില്ല..ന്‍റെ കാലുകള്‍ക്ക് വല്ലാണ്ടെ കനം കൂടിയിരിക്കുന്നു...എങ്ങനോക്കെയോ വിറച്ചു വിറച്ചു വേദിയിലെത്തി..ഇന്നും ആ ഇരുണ്ട മുറി ഞാന്‍ ഓര്‍ക്കുന്നു. എന്‍റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നത് കൊണ്ടാണോ എന്നറിയില്ല.എനിക്ക് അവിടെ ആകെ കാണാന്‍ പറ്റിയത് കുറെ നിഴലുകള്‍ മാത്രമായിരുന്നു.പാടാന്‍ തുടങ്ങിയിട്ട് പുറത്തേക്കു ശബ്ദം വരാത്ത പോലെ..
സകല ശക്തിയുമെടുത്തു തുടങ്ങി.ആദ്യത്തെ വരി പോലും ഞാന്‍ ഇന്ന് ഓര്‍ക്കുന്നില്ല..പക്ഷെ ആദ്യ വരിയുടെ അവസാനം ഒരു "അജ്മഈനാ"... എന്ന് നീട്ടി പാടിയതോര്‍മ്മയുണ്ട്..എന്‍റെ ശബ്ദം മാത്രമല്ല ഞാനും മൈക്കും സ്റ്റേജും ഒക്കെ ഒന്നായി വിറക്കുന്നത് പോലെ തോന്നി.ഏഴു മിനിറ്റ് എങ്ങാനും ആയിരുന്നു പദ്യത്തിന്റെ ധൈര്‍ഗ്യംന്നു തോന്നുന്നു.എന്‍റെ തൊണ്ട വറ്റി വരളുന്നത് ഞാന്‍ മാത്രമേ അറിഞ്ഞുള്ളൂ.എങ്ങനെയൊക്കെയോ ഒരു വിധം അവസാനിപ്പിച്ചു ഞാന്‍ സ്റ്റേജിന്നും ഇറങ്ങി.നേരെ മാഷുമാരുടെ അടുത്തേക്കാണ് പോയത്.അവരുടെ അടുത്തെത്തി ഞാന്‍ കരഞ്ഞു.
അത് പിന്നെ ന്‍റെ കൂടെ പിറപ്പാണ്. ഇന്നും കരയാന്‍ എനിക്ക് പ്രത്യേകിച്ചു കാരണമൊന്നും വേണ്ട..എന്‍റെ ഏങ്ങലടിച്ച കരച്ചില്‍ കേട്ട് മാഷെന്നെ സമാധാനിപ്പിച്ചു.പാട്ട് വിറച്ചതിലുള്ള സങ്കടം കൊണ്ടല്ല ന്‍റെ പേടി മാറാഞ്ഞിട്ടാണ് ഞാന്‍ കരഞ്ഞത്.അതവര്‍ക്ക് മനസ്സിലായില്ല..എന്‍റെ ഭാഗ്യം കൊണ്ടു അന്ന് സ്കൂളില്‍ നിന്നും പങ്കെടുക്കുന്ന ഈ ഒരു ഇനം മാത്രെ ഉണ്ടായിരുന്നുള്ളൂ..അത് കൊണ്ടു വേറെ വിദ്യാര്‍ത്ഥികളൊന്നും ഉണ്ടായിരുന്നില്ല..അല്ലെങ്കില്‍ സ്കൂള്‍ മുഴുവന്‍ പാട്ടായേനെ....ഇതിപ്പോ സ്‌റ്റാഫ് റൂമില്‍ മാത്രെ അറിയുള്ളൂ സാരല്യ.
ആ ഒരു വര്ഷം കഴിഞ്ഞു അഞ്ചാം ക്ലാസ്സിലെത്തി..സ്കൂള്‍ യുത്ത് ഫെസ്റ്റിവലിലൊന്നും പങ്കെടുക്കാനെ പോയില്ല.അങ്ങനെ ഉപജില്ലാ കലോത്സവം അടുത്തു.മാപ്പിളപ്പാട്ടിനു പങ്കെടുക്കാനുണ്ടായിരുന്ന കുട്ടിക്ക് ചിക്കന്‍പോക്സ്!!!പകരക്കാരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു...ഒന്നോണ്ടോന്നും പഠിച്ചീലെ ഈ ടീച്ചര്‍മാര്...ഇനിയും എന്നെ തന്നെ വെച്ച് വേണോ പരീക്ഷണം?എനിക്ക് പക്ഷെ ഒന്നും തോന്നിയില്ല.വീണ്ടും പങ്കെടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു...
എനിക്ക് അതില്‍ പങ്കെടുക്കുക എന്നതിലുപരി അതൊരു സ്വാതന്ത്ര്യം ആസ്വദിക്കലായിരുന്നു..ഇഷ്ടം പോലെ കൊള്ളി അയ്സ് തിന്നാനും,പാറി പറന്നു നടക്കാനും മറ്റുമുള്ള സ്വാതന്ത്ര്യം...വീട്ടില്‍ നിന്നും സമ്മതം വാങ്ങുന്ന കാര്യം അധ്യാപകര്‍ തന്നെ ഏറ്റെടുത്തു.ആകെ ഒരു ആഴ്ച മാത്രമേ മുന്നിലുള്ളൂ.അത് കൊണ്ട് തന്നെ റിഹേഴ്സലൊക്കെ വളരെ സീരിയസ് ആയി നടന്നു. മോയിന്‍ കുട്ടി വൈദ്യരുടെ ഒരു കടിച്ചാ പൊട്ടാത്ത പാട്ട്.."പുറപ്പെട്ട അബുജാഹിലുടന്‍ കിബര്‍ പൊങ്കി ഒളിന്തു ലിബാസു ചമയ്ന്തു..പുതുമാ കസബിട്ടു കല്‍ ബയ്ത് ഖരീറുമുടുത്തിടവെ....എന്ന് തുടങ്ങുന്ന വരികള്‍...ആ പാട്ടിന്റെ ഓരോ വരികളുടെയും അര്‍ഥം ഉറുദു മാഷ് പഠിപ്പിച്ചു തന്നിരുന്നു...അത് കൊണ്ട് തന്നെ ഞാനും അതൊരു പരീക്ഷക്ക് പഠിക്കുന്ന പ്രാധാന്യത്തില്‍ പഠിച്ചെടുത്തു..
അങ്ങനെ ആ ദിവസം വന്നെത്തി..തലക്കുളത്തൂര്‍ ഉള്ള ഏതോ സ്കൂള്‍ ആയിരുന്നു വേദി.വളരെ ഉത്സാഹത്തോടെ തന്നെ അന്ന് പാടി..പിറ്റേന്ന് പത്രം വന്നപ്പോള്‍ അതില്‍ മത്സര ഫലം ഉണ്ടായിരുന്നു..ഞാന്‍ അതിനെകുറിച്ചൊന്നും ബോധവതിയായിരുന്നില്ല.പതിവ് പോലെ സ്കൂളില്‍ പോയപ്പോ അധ്യാപകരുടെ പ്രശംസാ പ്രവാഹം..ഉറുദു മാഷ് എന്നെ പേപ്പര്‍ കാണിച്ചു...മാപ്പിളപ്പാട്ട് ഒന്നാം സമ്മാനം മുബീന.കെ.പി. ന്‍റെ ചങ്ക് പൊട്ടിപ്പോയി...കഷ്ട്ടപെട്ടു പാടീട്ടു സമ്മാനം കിട്ടിയപ്പോ പേര് വന്നത് ആദ്യം പങ്കെടുക്കാന്‍ വേണ്ടി പേര് കൊടുത്ത കുട്ടിയുടേത്...അതിനു അന്ന് ഉപ്പയും ഇക്കക്കമാരും എന്നെ കുറെ കളിയാക്കി.പോരാത്തതിന് അന്നൊക്കെ സമ്മാനം കിട്ടിയാല്‍ സ്കൂളിലെ ചില്ലലമാരയില്‍ വെക്കാറാണ് പതിവ്.
എനിക്ക് കിട്ടിയ 'ഗപ്പും'അവടെ വെച്ചു. അതുകൊണ്ട് പ്രത്യേകിച്ചു ഒരു അംഗീകാരവും കിട്ടിയില്ല എന്ന് തന്നെ പറയാം..എന്നാലും ടീച്ചര്‍മാരുടെ ആ പ്രശംസ അതെനിക്ക് വളരെ സന്തോഷം നല്‍കിയിരുന്നു...എനിക്ക് അത്ര മതിയായിരുന്നു.പിന്നീട് ഞാന്‍ യുവജനോല്സവങ്ങളിലോന്നും കാര്യമായി പങ്കെടുത്തിരുന്നില്ല.ഹൈസ്കൂളില്‍ പഠിക്കുമ്പോ ഒപ്പനയ്ക്ക് പാട്ട് പാടാന്‍ ഒക്കെ നില്‍ക്കുംന്നല്ലാതെ തനിച്ചുള്ള മത്സരങ്ങളിലൊന്നും പങ്കെടുത്തില്ല.അന്ന് വേദിയിലിരുന്നു ഡാന്‍സ് ചെയ്യാനും കൂക്കി വിളിക്കാനും ഒക്കെ ആയിരുന്നു താല്പര്യം..പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂള്‍ ആയതോണ്ട് മേല്‍ക്കോയ്മ ഞങ്ങള്‍ക്കായിരുന്നു...ആ 3 വര്ഷം അങ്ങനെ ആസ്വദിച്ചു..
പിന്നീട് പ്രീ ഡിഗ്രിക്ക് ഫാറൂക്ക് കോളേജില്‍ ചേര്‍ന്നപ്പോ സീനിയെഴ്സിന്റെ റാഗിംഗ് മൂലം പലപ്പോഴും പാടേണ്ടി വന്നു..അങ്ങനെ ഫൈന്‍ ആര്‍ട്സ് ഡേ വന്നപ്പോള്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയും മറ്റും നിര്‍ബന്ധിച്ചു ഒരു പാട്ട് പാടാന്‍..വീട്ടില്‍ നിന്നും സമ്മതിക്കില്ലാന്നു പറഞ്ഞു ഞാന്‍...അവിടെയും ശുപാര്‍ശക്കായി ഒരു സര്‍ വന്നു.ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രകാശ് സര്‍. അങ്ങനെ അവിടെയും ഞാന്‍ ഒരു പാട്ട് പാടി..ദില്‍ തോ പഗാല്‍ ഹെ യിലെ ,ലെഗയി ലെഗയി എന്ന പാട്ട്.. ആ ഒരു പാട്ടും ആ ഫൈന്‍ ആര്‍ട്സ് ഡേയും ഒരിക്കലും മറക്കില്ല.ഇന്നും സുഹൃത്തുക്കളൊക്കെ ആ പാട്ട് കേള്‍ക്കുമ്പോ എന്നെ ഓര്‍മ വരും എന്ന് പറയുന്നത് കേള്‍ക്കുമ്പോ ഒരു സന്തോഷമാണ്..
പിന്നീട് ഡിഗ്രിക്ക് പഠിച്ച കോളേജിലും പാട്ടുകളൊക്കെ പാടിയെങ്കിലും കല്യാണത്തോടെ പാട്ടൊക്കെ നിന്നു..ഇപ്പൊ ഞാന്‍ എനിക്ക് വേണ്ടി മാത്രെ പാടാറുള്ളൂ..എനിക്ക് സന്തോഷം വരുമ്പോഴും,ദുഃഖം വരുമ്പോഴും,തനിച്ചിരിക്കുമ്പോഴും ഒക്കെ പാട്ടുകള്‍ ആണ് എനിക്ക് കൂട്ട്..എനിക്ക് കേള്‍ക്കാന്‍ വേണ്ടിയെങ്കിലും പാടാന്‍ തോന്നുന്നത് അന്ന് ഉറുദു മാഷ് ഉണ്ടാക്കി തന്ന ആ ഒരു ആത്മ വിശ്വാസം ആയിരിക്കാം.
അദ്ദേഹം ഇപ്പൊ മിക്കവാറും സ്കൂളില്‍ നിന്നും വിരമിച്ചിട്ടുണ്ടാവും..എങ്കിലും ഇന്നും ഞാന്‍ സ്നേഹത്തോടെ അദേദഹത്തെ സ്മരിക്കുന്നു.എന്നിലെ ഈ ചെറിയ ഗായികയെ കണ്ടെത്തി തന്ന അങ്ങേയ്ക്ക് എന്റെ ഒരുപാട് നന്ദിയും പ്രണാമങ്ങളും!!!