വ്യാഴാഴ്‌ച, ജനുവരി 19, 2012

മനസ്സിന്റെ താളങ്ങള്‍..

എത്രയെത്ര ഭാവങ്ങളിലൂടെയാണ് ഒരു ദിവസം കടന്നു പോകേണ്ടി വരുന്നത് ..?എത്രയൊക്കെ മുറുകെ പിടിച്ചാലും പെട്ടെന്നൊരു നിമിഷത്തില്‍ മനസ്സിന്റെ കടിഞ്ഞാണ്‍ കൈ വിട്ടു പോകുന്നു.പിന്നെ കുറച്ചു നേരത്തേക്കെങ്കിലും അത് അതിന്റെ ഇഷ്ടത്തിന് അനുസരിച്ച് കുതിച്ചു പായുകയാണ്..എത്ര പിന്തുടര്‍ന്നിട്ടും കൈയെത്താത്ത ദൂരത്തോളം അകലം വിട്ടു ഓടി തീര്‍ക്കുന്നു...പിന്തുടര്‍ന്ന് തളരുമ്പോ ഞാനും കരുതുന്നു സാരല്യ..പൊയ്ക്കോട്ടേ..ഇത്തിരി നേരം അങ്ങനെ തന്നെ പൊയ്ക്കോട്ടേ.....
കാരണങ്ങളില്ലാതെയാണ് ഈ ഒരു മനസന്ഘര്‍ഷം എന്ന് തീര്‍ത്തു പറയാന്‍ വയ്യ..പക്ഷെ അകാരണമായതും നിസ്സാരവുമായ പലതുമാണ്..കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന പോലെ തന്നെ കൊച്ചു കൊച്ചു ദുഖങ്ങളും...മനുഷ്യന്റെ മനസ്സല്ലേ..എപ്പോ വേണമെങ്കിലും എന്തും ചിന്തിച്ചു കൂട്ടാമല്ലോ..പക്ഷെ കുറെ ആയിട്ടുള്ള ഈ കഠിന പരിശ്രമം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല..വിട്ടു കൊടുക്കുന്നില്ല..'പ്രാവര്‍ത്തികം' എന്ന വാക്ക് അന്യമായിടത്ത് നിന്ന് സ്വന്തമാക്കാനുള്ള ആ പരിശ്രമം ഞാന്‍ വിട്ടു കൊടുക്കുന്നില്ല...എല്ലാം സാധ്യം..എനിക്കെല്ലാം സാധ്യമാണ്..ഞാന്‍ എന്നത് മാത്രമാണ് പലപ്പോഴും അസാധ്യം.....എങ്കിലും അസാധ്യമായതിനും ഒരു സുഖമുണ്ട്......
 ഞാന്‍ ആഗ്രഹിച്ചത് ഒരു മഴയായിരുന്നു..മനസ്സിനെ ഉന്മേഷ ഭരിതമാക്കുന്ന ഒരു മഴ..പക്ഷെ പെയ്തത് കണ്ണുനീര്‍ത്തുള്ളികള്‍..ദുഖത്തിന്റെ കാര്‍മേഘം മഴയായ് പെയ്താല്‍ മനസ്സ് തെളിഞ്ഞ ആകാശം പോലെ പ്രസന്നമായിരിക്കും..അതുകൊണ്ട് ആ കണ്ണു നീര്‍ത്തുള്ളികള്‍ നല്ലതെന്ന് കരുതി..ശാരീരികാസ്വസ്ത്യങ്ങള്‍ കൊണ്ടാണോ എന്നറിയില്ല ഒരു തരം നിര്‍ജീവമായ അവസ്ഥ..നേരം ഉച്ചയായിട്ടും ഒരു പണിയും എവിടെയും എത്തിയിട്ടില്ല..സംഗീതം ഏത് അവസ്ഥയിലും മനസ്സിന് ഒരു ആശ്വാസം നല്‍കാറുണ്ട്.പക്ഷെ ഇന്നെന്തോ അതും എന്നെ കൈവിട്ടിരിക്കുന്നു..മനസ്സിനോടടുത്തു നില്‍ക്കുന്ന രണ്ടു മൂന്നു സൌഹൃദങ്ങളുണ്ട്‌ ആരോടെങ്കിലും ഇത്തിരി നേരം സംസാരിചിരിക്കട്ടെന്നു  കരുതി ജി മെയില്‍ തുറന്നപ്പോ ലിസ്റ്റില്‍ കുറെ പച്ച ലൈറ്റുകള്‍ കത്തുന്നുണ്ട് പക്ഷെ ആരോടും മിണ്ടാന്‍ മനസ്സ് വരുന്നില്ല.....
                       ഒരു ഒറ്റപെടല്‍ ആണ് ഞാന്‍ ഇപ്പൊ അനുഭവിക്കുന്നത്..ഏകാന്തതയും ഒറ്റപെടലും രണ്ടും രണ്ടാണ്..ആദ്യത്തേത് ആസ്വദിക്കാന്‍ പറ്റിയ ഒരു അനുഭൂതിയാണ്..എങ്കില്‍ ഒറ്റപ്പെടല്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്ന ഒരു തരം നീറ്റലാണ്...ഏകാന്തതയെ എത്രയേറെ ഞാന്‍ പ്രണയിക്കുന്നുവോ അത്രയേറെ ഈ ഒറ്റപ്പെടലിനെ ഞാന്‍ വെറുക്കുന്നു....പക്ഷെ ഇന്നത്തെ ഞാന്‍ മറ്റൊരാളാണ്..അസാധ്യമായതെല്ലാം സാധ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി.അതുകൊണ്ട് ഇവിടെയും ശുഭ പ്രതീക്ഷ മാത്രം..ഞാന്‍ കാത്തിരിക്കുന്നു പ്രതീക്ഷയോടെ....ഈ ഒറ്റപ്പെടലിനൊരു വിരാമം ഉടനെയുണ്ടെന്ന പ്രതീക്ഷയോടെ..

ബുധനാഴ്‌ച, ജനുവരി 11, 2012

പ്രണയം

മനസ്സ് ശരിക്കും ആര്‍ദ്രമായിരിക്കുന്നു..വല്ലാത്തൊരു അവസ്ഥ..വല്ലാത്ത പ്രണയം..നാടിന്റെ ഓര്‍മ്മകള്‍ ഒഴുകിയെത്തിച്ച ഈ മൂടിക്കെട്ടിയ കാലാവസ്ഥയോടോ,അല്പനെരത്തെക്കെങ്കിലും എന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തിയ ആ വരികളുടെ മാസ്മരികതയോടോ,ഞാന്‍ അനുഭവിക്കുന്ന ഈ അനുഭൂതിയോടോ,ഇന്നിന്റെ ഈ സന്തോഷത്തോടോ അതോ പെയ്യാന്‍ കാത്തു നില്‍ക്കുന്ന മഴനീര്‍തുള്ളികളോടോ??
എല്ലാത്തിനോടും..ഈ എല്ലാത്തിനോടും തന്നെയാണ് എന്‍റെ പ്രണയം..ഒരു അതിരും ഇല്ലാത്ത പ്രണയം..ഓരോ നിമിഷങ്ങളിലും ഓരോ ഭാവങ്ങളായി എന്നരികില്‍ എത്തുന്ന ഈ പ്രണയം..മഴമേഘങ്ങളായി വന്നു ഈ പകലിലും ഒരു ഇരുട്ടിന്റെ ഏകാന്തത എനിക്ക് നല്‍കിയ..,അടുത്ത നിമിഷത്തില്‍ മഴനീര്‍ത്തുള്ളികളായി എന്റെ മനസ്സില്‍ സംഗീതം തീര്‍ത്ത,ഭാവാര്‍ദ്രമായ വരികളായി എന്‍റെ സിരകളില്‍ അലിഞ്ഞു ഒഴുകിയ ഈ പ്രണയം..ഞാന്‍ അനുഭവിക്കുന്നത് വാക്കുകള്‍ക്കതീതമായ ഒരു അനുഭൂതി തന്നെയാണ്..കാരണം എന്നോടുള്ള അതിയായ പ്രണയം കൊണ്ട് തന്നെയാണ് ഓരോ നിമിഷങ്ങളിലും ഈ അവസ്ഥകളോക്കെയും പല ഭാവങ്ങളായി എന്നിലെക്കെത്തുന്നത്....
ഇപ്പൊ പെയ്യുമെന്ന് മോഹിപ്പിച്ചു നില്‍ക്കുന്ന മഴമേഘങ്ങള്‍ തന്നെയാണ് ഇങ്ങനെ ഒരു സുഖം മനസ്സിന് തന്നത്...മനസ്സിനെ ഇത്രയധികം സന്തോഷിപ്പിക്കുന്നതും അത് തന്നെയാണ്..നിറഞ്ഞു പെയ്യുന്ന ഒരു മഴയെ കാത്തിരിക്കുന്ന ഒരു സുഖം..എത്ര പറഞ്ഞിട്ടും മതിവരാത്ത ഒരു അനുഭൂതി..ഒരുപക്ഷെ നാട്ടില്‍ അല്ലാതിരുന്നിട്ടും ഇങ്ങനെ ഒരു മഴ കാണാന്‍ കിട്ടുന്ന ഭാഗ്യമായിരിക്കാം മനസ്സിനെ ഇങ്ങനെ സന്തോഷിപ്പിക്കുന്നത്..എന്‍റെ ഈ പ്രണയം അനശ്വരമാണ്..ഈ ഓരോ അവസ്ഥയോടുമുള്ള അനശ്വരമായ പ്രണയം..

ചൊവ്വാഴ്ച, ജനുവരി 03, 2012

നിലാവ്

ആ ഉണങ്ങിയ മരച്ചില്ലകള്‍ക്കിടയിലൂടെ ഞാന്‍ കണ്ടു..നിലാവ്!ഇന്നലത്തെ ആ നിലാവിന് വല്ലാത്തൊരു അഴകുണ്ടായിരുന്നു.നിലാവിനോടുള്ള പ്രണയമാണോ എന്‍റെ കണ്ണുകളില്‍ അതിനെ ഇത്ര മനോഹരമാക്കിയത് എന്നറിയില്ല..കണ്ണെത്തും ദൂരത്തായിരുന്നെങ്കിലും എന്‍റെ മൌനം വാചാലമായിരുന്നു..പറയാതെ ഒരുപാട് പറഞ്ഞു ഞാന്‍, ആ നിലാവിനോട്..

നിലാവെളിച്ചത്തില്‍ എന്റെ നിഴല് പോലും സന്തോഷിച്ചു..എന്നും ആ നിലാവ് കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചപ്പോ മനസ്സൊന്നു നൊന്തു..പകല്‍ വെളിച്ചം പടി കടന്നെത്തുമ്പോ നിലാവ് എന്നോട് വിട പറയുമോ???ഇല്ല അതൊരു വിട പറയലല്ല..എന്നില്‍ നിന്നും ആ നിലാവിനെ മറച്ചു വെക്കാന്‍ പകല്‍ ശ്രമിക്കുകയാണ്..പക്ഷെ എനിക്കറിയാം എനിക്ക് വേണ്ടി ആ നിലാവെളിച്ചം എന്നും അവിടെ തന്നെ ഉണ്ടാവും....എനിക്ക് മാത്രമായല്ലെങ്കിലും......
അകലുമോ നീ എന്നില്‍ നിന്നും??അതോ തനിച്ചിരിക്കുമ്പോള്‍ പോലും എനിക്ക് കൂട്ടിനായി നീയുണ്ടാവുമോ??നിലാവ് എന്നില്‍ നിന്നും അകലുകയാണോ അതോ ഇനി സാഹചര്യങ്ങള്‍ അതിനെ  എന്നില്‍ നിന്നും അകറ്റുന്നോ?സാഹചര്യങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നതല്ലേ? നമ്മള്‍ മനുഷ്യര്‍ ഉണ്ടാക്കുന്നതല്ലേ അത്?ഇല്ല..നീയുണ്ടാവും എന്റെ അരികില്‍ എന്നും..എനിക്കായ്..ഈ നിലാവെളിച്ചമായി..