ഞായറാഴ്‌ച, ജനുവരി 05, 2014

അന്ത്യയാത്ര

മരണത്തിനും മണമുണ്ട്,
പൊതിഞ്ഞു കെട്ടുന്ന വെളള കോടിയുടെ മണം...
കര്‍പ്പൂരവും പനിനീരും ചന്ദനത്തിരിയും കലര്‍ന്ന മണം.
മയ്യത്തു കട്ടിലിന്നരികില്‍ പുകഞ്ഞു തീരുന്ന കുന്തിരിക്കത്തിന്റെ മണം..

മരണത്തിനും നിശബ്ദതയുണ്ട്,
അടക്കിപ്പിടിച്ച തേങ്ങലുകള്‍
തീര്‍ത്ത നിശബ്ദത...
പറയാന്‍ മറന്നതും പറയാതെ
ബാക്കി വെച്ചതുമായ വാക്കുകള്‍
തീര്‍ത്ത നിശബ്ദത...
പറഞ്ഞിട്ടും നിന്നിലേക്കെത്താതെ
പോയ വാക്കുകള്‍ തീര്‍ത്ത
നിശബ്ദത.

യാത്ര പറയാനാവാതെ
ആരുടെ കണ്ണുകളിലേക്കും നോക്കാനാവാതെ
പടിയിറക്കി കൊണ്ടുപോവുമ്പോഴും
ഈ ഇടനെഞ്ചു പൊട്ടിക്കരയുന്നുണ്ടാവുമോ
ആരും കേള്‍ക്കാതെ?

അന്ന് മീസാന്‍ കല്ലില്‍ കൊത്തിവെച്ചൊരു പേരുണ്ടാവില്ല,
എന്നെ ഞാനായറിയുന്ന
ആരുമുണ്ടാവില്ല
കുല്ലു നഫ്സിന്‍ ദായിക്കതുല്‍ മൗത്ത് എന്നു ചൊല്ലി നീയും നെടുവീര്‍പ്പയക്കും...
അടുത്ത നിശ്വാസത്തിന്റെ
ദൂരം മാത്രമേ ഓര്‍മ്മകള്‍ക്കുണ്ടാവൂ.

ബുധനാഴ്‌ച, നവംബർ 27, 2013

ഭ്രാന്തന്‍

പളുങ്കിനാല്‍ തീര്‍ത്ത മനസ്സുകള്‍...                     എറിഞുടച്ചും വീണുടഞും         ചില്ലിന്‍തുണ്ടുകളായി ചിതറിക്കിടന്നവ.

കടലൊളിപ്പിച്ച മിഴികളും
കദനങ്ങളൊളിപ്പിച്ച പുഞ്ചിരിയും
കനലുകളെരിയിച്ച നെരിപ്പോടുമായുളള
മനസ്സുകള്‍...  

ചിന്തകളെ നിസ്വാര്‍ത്ഥമാക്കി
വാക്കുകളെ സത്യങ്ങളാക്കി
പ്രവൃത്തികളെ ആത്മാര്‍ത്ഥമാക്കി
ഇന്നലെകളെയും ഇന്നിനെയും കടന്നുപോയപ്പോള്‍ അവനെ  ഭ്രാന്തനെന്നു മുദ്രകുത്തി.
   
സ്വപ്നങ്ങള്‍ക്ക് നിറങ്ങളും
മോഹങ്ങള്‍ക്ക് അര്‍ത്ഥങ്ങളും
നല്‍കിയപ്പോള്‍ ചങ്ങലകളാലവനെ ബന്ധിച്ചു.

കടിഞാണിടാന്‍ കഴിയാതെ കിതച്ചോടിയ മനസ്സിനായിരുന്നോഭ്രാന്തെന്നറിയാതെ ഒററപ്പെടലിന്റെ
ഇരുമ്പഴികള്‍ക്കുളളില്‍
ഇന്നവന്‍ സ്വയം തളച്ചിരിക്കുന്നു.

ചൊവ്വാഴ്ച, ജനുവരി 29, 2013

Solitude


Solitude,how beautiful it is !
A state of being alone,
without being lonely
A feel of comfort,
with a loved one so close by.

Solitude,surrounded by 
sweet melodies,soft lullabies
and sometimes a silence,
more than words.

Solitude,enchanted by
the rythm of love,
which floats me as a petal
of a red rose on a stream.

I wrapped me warmly
in a quilt of solitude
where I love to 
stay for long hours.

വ്യാഴാഴ്‌ച, ജനുവരി 03, 2013

മെഴുകു തിരി

ആരറിയുന്നു തിരിയിട്ട മെഴുകിന്റെ ഉരുകിയൊലിക്കുന്ന വേദനകള്‍?ഉരുകി ഒലിക്കുമ്പോഴും ആ ജ്വാലയാല്‍ പ്രകാശം നല്‍കണമായിരുന്നു...ഊതിക്കെടുത്തും വരെ !ഉരുകിയൊലിച്ചു രൂപങ്ങള്‍ പോയാലും വീണ്ടും തിരിയിട്ടു കത്തി തീരേണ്ട ഒരുപാട് പുനര്‍ജന്മങ്ങള്‍..ഓരോ ജന്മത്തിലും തിരി കത്തി തീരുവോളം ചുവപ്പും പച്ചയും  നീലയും  ചേര്‍ന്ന വേഷപ്പകര്‍ച്ചകള്‍..അറിയാതെ ഒരു തുള്ളി കൈവെള്ളയില്‍ ഇറ്റിയാല്‍ പരിഭവങ്ങള്‍..എങ്കിലും ആ തിരി തീരുവോളം വെണ്മയില്‍ കുളിച്ചു ഉരുകി തീരുകയാണ് മെഴുകു..പിടയുന്ന മനസ്സിന്റെ വേദനകളും പരിവേദനങ്ങളും ഉരുകിയോലിച്ചിറങ്ങും മുന്‍പേ വെണ്‍കണങ്ങളാക്കി മാറ്റിക്കൊണ്ട്..