ഞായറാഴ്‌ച, ജനുവരി 05, 2014

അന്ത്യയാത്ര

മരണത്തിനും മണമുണ്ട്,
പൊതിഞ്ഞു കെട്ടുന്ന വെളള കോടിയുടെ മണം...
കര്‍പ്പൂരവും പനിനീരും ചന്ദനത്തിരിയും കലര്‍ന്ന മണം.
മയ്യത്തു കട്ടിലിന്നരികില്‍ പുകഞ്ഞു തീരുന്ന കുന്തിരിക്കത്തിന്റെ മണം..

മരണത്തിനും നിശബ്ദതയുണ്ട്,
അടക്കിപ്പിടിച്ച തേങ്ങലുകള്‍
തീര്‍ത്ത നിശബ്ദത...
പറയാന്‍ മറന്നതും പറയാതെ
ബാക്കി വെച്ചതുമായ വാക്കുകള്‍
തീര്‍ത്ത നിശബ്ദത...
പറഞ്ഞിട്ടും നിന്നിലേക്കെത്താതെ
പോയ വാക്കുകള്‍ തീര്‍ത്ത
നിശബ്ദത.

യാത്ര പറയാനാവാതെ
ആരുടെ കണ്ണുകളിലേക്കും നോക്കാനാവാതെ
പടിയിറക്കി കൊണ്ടുപോവുമ്പോഴും
ഈ ഇടനെഞ്ചു പൊട്ടിക്കരയുന്നുണ്ടാവുമോ
ആരും കേള്‍ക്കാതെ?

അന്ന് മീസാന്‍ കല്ലില്‍ കൊത്തിവെച്ചൊരു പേരുണ്ടാവില്ല,
എന്നെ ഞാനായറിയുന്ന
ആരുമുണ്ടാവില്ല
കുല്ലു നഫ്സിന്‍ ദായിക്കതുല്‍ മൗത്ത് എന്നു ചൊല്ലി നീയും നെടുവീര്‍പ്പയക്കും...
അടുത്ത നിശ്വാസത്തിന്റെ
ദൂരം മാത്രമേ ഓര്‍മ്മകള്‍ക്കുണ്ടാവൂ.